ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പിസ്റ്റളുമായി പോളിംഗ് ബൂത്തില്‍ കയറിയതിന് ബിജെപി എംഎല്‍എ സംഗീത് സോമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഉത്തര്‍പ്രദേശിലെ ഉപരിസഭയിലേക്കുള്ള വോട്ടെടുപ്പില്‍ മൂന്നു സീറ്റിലും ബിജെപി വിജയിച്ചു. എഴു ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോയ മണ്ഡലങ്ങളില്‍ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നുണ്ടായത്. മുസാഫര്‍നഗര്‍ ധ്രുവീകരണം ശക്തമായ മേഖലകളില്‍ 65 ശതമാനത്തിന് മേലെയാണ് പോളിംഗ്. മീററ്റിലെ സര്‍ദാന മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സംഗീത് സോമിന്റെ സഹോദരന്‍ ഗഗന്‍ സോമിനെ പിസ്റ്റളുമായി പോളിംഗ് ബൂത്തില്‍ കയറിയതിന് പോലീസ് അറസ്റ്റു ചെയ്തു. വൈകിട്ട് ഇവിടെ അറുപതാം നമ്പര്‍ ബൂത്തില്‍ സംഗീത് സോം ഒരു പോളിംഗ് ബൂത്തില്‍ സംഗീത് സോം എതിരാളികളെ മര്‍ദ്ദിച്ചു എന്ന പരാതി ഉയര്‍ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് നിറുത്തി വയ്‌ക്കേണ്ടി വന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. നോയിഡ ഉള്‍പ്പടെ ചില മേഖലകളില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പലരെയും ഒഴിവാക്കി എന്ന പരാതി ഉയര്‍ന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ 59 ശതമാനം മറികടന്നുള്ള പോളിംഗ് പല മണ്ഡലങ്ങളിലും ദൃശ്യമായി. ബിജെപി തൂത്തുവാരിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 65 ശതമാനമായിരുന്നു പശ്ചിമ ഉത്തര്‍പ്രദേശിലെ പോളിംഗ്. ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായ തരംഗമുണ്ടെന്ന സൂചനയില്ലെങ്കിലും പോളിംഗ് ശതമാനം പലയിടത്തും ഉയര്‍ന്നത് കടുത്ത മത്സരത്തിന്റെ സൂചനയായി. എന്നാല്‍ പല മേഖലകളിലും മത്സരം കോണ്‍ഗ്രസ്എസ്പി സഖ്യത്തിനും ബിജെപിക്കുമിടയിലാണ് എന്ന സൂചന വോട്ടര്‍മാരുടെ പ്രതികരണങ്ങള്‍ നല്കി. ന്യൂനപക്ഷം എസ്പി ക്യാംപിലേക്ക് നീങ്ങുമ്പോള്‍ മുന്നോക്ക വിഭാഗങ്ങളും യാദവര്‍ ഒഴികെയുള്ള പിന്നാക്ക വിഭാഗങ്ങളും ബിജെപിക്ക് അനുകൂലമായാണ് സംസാരിച്ചത്.