ന്യൂഡല്‍ഹി: മോദിക്കും ഷായ്ക്കുമെതിരേ 11 പരാതികളാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരായ പെരുമാറ്റ ചട്ടലംഘന പരാതികളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു സുപ്രീംകോടതി നിര്‍ദേശം.
ഈ മാസം ആറിന് കേസ് വീണ്ടും പരിഗണിക്കും മുന്‍പ് നടപടിയെടുക്കണമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഇതില്‍ രണ്ടെണ്ണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തിലും പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ പേരില്‍ വോട്ടു ചോദിച്ചതിലുമാണ് കമ്മീഷന് മോദിക്കു ക്ലീന്‍ചിറ്റ് നല്‍കിയത്.
ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അടയിരുന്നതോടെ കോണ്‍ഗ്രസിനു വേണ്ടി എംപി സുഷ്മിതാ ദേവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വ്യാഴാഴ്ച കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ പരാതികളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച വരെ സമയം വേണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഏപ്രില്‍ അഞ്ചിനാണ് മോദിക്കും ഷായ്ക്കുമെതിരേ കോണ്‍ഗ്രസ് ആദ്യ പരാതി നല്‍കുന്നത്.