ന്യുഡല്‍ഹി: സമൂഹ മാധ്യമമായ ഫെയ്സ്ബുക്കും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ക്കുന്നു. യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള ബോധവത്കരണം ലക്ഷ്യമിട്ടാണ് വോട്ടര്‍മാര്‍ക്ക് ഫെയ്സ്ബുക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്നുള്ള പദ്ധതി കൊണ്ടുവരാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്.ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉടനെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടര്‍ രജിസ്ട്രേഷന്‍ നടത്തുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാധ രാതുരി പറഞ്ഞു.
ഈ സംസ്ഥാനങ്ങളിലുള്ള ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലില്‍ ‘രജിസ്റ്റര്‍ ടു വോട്ട്’ എന്നൊരു ബട്ടണ്‍ പ്രത്യക്ഷപ്പെടും. ഒക്ടോബര്‍ ആറ് മുതല്‍ ഒമ്ബത് വരെയുള്ള ദിവസങ്ങളില്‍ 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കള്‍ക്ക് വോട്ടര്‍ രജിസ്ട്രേഷനുള്ള റിമൈന്‍ഡര്‍ ലഭിക്കും.രജിസ്റ്റര്‍ ചെയ്യാനുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ദേശീയ വോട്ടേഴ്സ് സര്‍വ്വീസ് പോര്‍ട്ടലിലേയ്ക്കെത്തുകയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. എല്ലാ വിഭാഗം ജനങ്ങളെയും ഫെയ്സ്ബുക്ക് വഴി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധിപ്പിക്കാനാണ് ശ്രമം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ഫെയ്സ്ബുക്ക് പേജും ആരംഭിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും വിവരങ്ങളും എല്ലാവരിലേയ്ക്കും എത്തിക്കുക, തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളില്‍ ആശയവിനിമയത്തിനുള്ള ഇടം ഒരുക്കുക, പരമാവധി വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുക തുടങ്ങിയവയൊക്കെ പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്.