ന്യൂഡൽഹി : വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത തെളിയിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കിയ പരീക്ഷണത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത് ഒരേയൊരു രാഷ്ട്രീയ പാർട്ടിമാത്രം. ശരത് പവാറിന്റെ എൻസിപിയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ച ഇവിഎം ചലഞ്ചിൽ പങ്കെടുക്കാൻ മുന്നോട്ടുവന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടി. വോട്ടിംഗ് മെഷീനുകളിൽ തിരിമറി സാധ്യമാണെന്ന ആരോപണം ഉന്നയിച്ച ആം ആദ്മി പാർട്ടിയും കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഇവിഎം ചലഞ്ചിൽ പങ്കെടുക്കാൻ താൽപര്യമില്ലാതെ പിൻമാറി. ജൂണ്‍ മൂന്നിന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ഇവിഎം ചലഞ്ച് നടക്കുന്നത്. താത്പര്യമുള്ള പാർട്ടികൾക്ക് ഇന്ന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ എൻസിപി മാത്രമാണ് രജിസ്റ്റർ ചെയ്തത്. നേരത്തെ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിരുന്നു. എട്ടു പാർട്ടികളാണ് ഈ കത്തിന് പ്രതികരിച്ചത്. സിപിഐ, സിപിഎം, ബിജെപി എന്നീ പാർട്ടികൾ ചലഞ്ച് കാണാനും നിരീക്ഷിക്കാനുമുള്ള താൽപര്യമാണ് അറിയിച്ചിരിക്കുന്നത്.