ന്യൂഡല്‍ഹി: പേപ്പറില്‍ മാത്രം ഒതുങ്ങിയിരുന്ന 225 രാഷ്ട്രീയപാര്‍ട്ടികളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ആവശ്യമെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ എടുക്കണമെന്ന് പ്രത്യക്ഷനികുതി വകുപ്പിനോട് നിര്‍ദേശിക്കുകയും ചെയ്തു. 2005 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് കമ്മിഷന്‍റെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ എടുത്തുകളയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നേരിട്ട് അധികാരമില്ല. എന്നാല്‍ 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 29-എ വകുപ്പ് പ്രകാരം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പിന്‍വലിക്കാനുള്ള അധികാരമുണ്ട്. പട്ടികയിലെ പാര്‍ട്ടികളില്‍ ചിലത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെയും പട്യാല കോടതിയിലെ അഭിഭാഷകരുടെ ചേംബറിന്‍റെയും മേല്‍വിലാസങ്ങളാണ് നല്‍കിയിരുന്നത്.
ഓള്‍ ഇന്ത്യ പ്രോഗ്രസീവ് ജനത എന്ന പാര്‍ട്ടിയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതി, പാര്‍ട്ടി ഓഫീസിന്‍റെ മേല്‍വിലാസമായി നല്‍കിയിരുന്നത്.