ആലപ്പുഴ • ഉത്തരേന്ത്യയിലെ വൈദ്യുതി നിലയങ്ങളില്‍ നിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്നതിനു കൂറ്റന്‍ ടവര്‍ ലൈന്‍-വെസ്റ്റ് സൗത്ത് ഇന്റര്‍കണക്ടര്‍ ഊര്‍ജ ഹൈവേ-സ്ഥാപിക്കാന്‍ കേന്ദ്ര ഊര്‍ജ വകുപ്പിന്റെ അനുമതി. ഛത്തീസ്ഗഡിലെ റായ്ഗഡില്‍ നിന്നു കോയമ്ബത്തൂരിനു സമീപത്തെ പുകളൂരിലേക്കു 6000 മെഗാവാട്ട് വൈദ്യുതി കൊണ്ടു വരുന്ന ഊര്‍ജ ഹൈവേ നാഷനല്‍ പവര്‍ഗ്രിഡ് കോര്‍പറേഷനാണു സ്ഥാപിക്കുന്നത്.പുകളൂരില്‍ നിന്നു തൃശൂരിലെ മാടക്കത്തറയിലേക്കു ഭൂഗര്‍ഭ കേബില്‍ സ്ഥാപിച്ചാണ് കേരളത്തിലേക്കു 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഊര്‍ജ മന്ത്രിയായിരുന്ന കെ.സി. വേണുഗോപാല്‍ മുന്‍കൈ എടുത്താണ് ഊര്‍ജ ഹൈവേ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഊര്‍ജ ഹൈവേയുടെ ചെലവ് 20,000 കോടി രൂപയാണെന്നു പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലവൈദ്യുത നിലയങ്ങളിലെ ഉല്‍പാദനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ വൈദ്യുതിക്കായി ഉത്തരേന്ത്യന്‍ നിലയങ്ങളെ ആശ്രയിക്കുന്ന കേരളത്തിനു ഊര്‍ജ ഹൈവേ വലിയ സഹായമാകും.നിലവിലുള്ള ടവര്‍ ലൈനുകളുടെ വൈദ്യുതി വാഹക ശേഷി വെറും 2400 മെഗാവാട്ട് മാത്രമാണ്. അണക്കട്ടുകളിലെ ജലനിരപ്പ് താഴ്ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കുറി ജല വൈദ്യുത പദ്ധതികളിലെ ഉല്‍പാദനം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പകരം പുറത്തു നിന്നു വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള പ്രധാന വെല്ലുവിളി ടവര്‍ ലൈനുകളുടെ പോരായ്മയാണ്.
800 മെഗാവാട്ട് വൈദ്യുതി അടുത്ത 25 വര്‍ഷത്തേക്ക് ഉത്തരേന്ത്യയില്‍ നിന്നു വാങ്ങാനുള്ള പുതിയ കരാറിനു വൈദ്യുതി ബോര്‍ഡ് ശ്രമിച്ചു വരികയാണ്. സ്വകാര്യ വൈദ്യുതി നിലയങ്ങളുടെ കേന്ദ്രമാണ് ഛത്തീസ്ഗഡ്. ഇവിടെ സബ് സ്റ്റേഷന്‍ സ്ഥാപിച്ചു വൈദ്യുതി ശേഖരിച്ച ശേഷം ദക്ഷിണേന്ത്യയിലേക്കു എത്തിക്കാനാണ് പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ പദ്ധതി.
പ്രസരണ നഷ്ടം കുറയ്ക്കുന്നതിനായി റായ്ഗഡില്‍നിന്നു കോയമ്ബത്തൂര്‍ പുകളൂരിലേക്കു 800 കിലോവോള്‍ട്ടിലായിരിക്കും വൈദ്യുതി എത്തുന്നത്. തുടര്‍ന്നു 320 കിലോ വോള്‍ട്ടാക്കി കേരളത്തിനു നല്‍കും. പ്രസരണ നഷ്ടം കുറയ്ക്കാനാണിത്. കേരളത്തിലേക്കു വരുമ്ബോള്‍ പുതിയ സാങ്കേതിക വിദ്യയായ കണ്‍വര്‍ട്ടര്‍- ഇന്‍വര്‍ട്ടര്‍ സാങ്കേതിക വിദ്യയിലേക്കു മാറ്റിയാണ് ഭൂഗര്‍ഭ കേബിളിലൂടെ കടത്തി വിടുന്നത്.കേരളത്തില്‍ ഭൂമി ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്താണ് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നത്. ദേശീയപാതയുടെ അരികിലൂടെ ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനാല്‍ സ്ഥലമെടുപ്പ് ആവശ്യമില്ല.