വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് 24 ന്

12

ഇന്ധന വിലവർധനവു മൂലം ലൈസൻസിക്കുണ്ടാകുന്ന വൈദ്യുതി താരിഫ് വർധനയുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മേയ് 24 ന് പൊതു തെളിവെടുപ്പ് നടത്തും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ച താരിഫ് റഗുലേഷൻസ് 2021 പ്രകാരം ഇന്ധന വിലയിലുണ്ടായ വർധന മൂലം ലൈസൻസിക്കുണ്ടാകുന്ന അധികബാധ്യത ഇന്ധന സർചാർജ്ജായി മൂന്നു മാസത്തിൽ ഒരിക്കലാണ് നിലവിൽ ഈടാക്കുന്നത്.

കേന്ദ്ര സർക്കാർ 29.12.2022ന് പ്രസിദ്ധീകരിച്ച ഇലക്ട്രിസിറ്റി റൂൾസ് ഭേദഗതി നിയമങ്ങൾ 2022ന്റെ റൂൾ 14 പ്രകാരം ഇന്ധന വില വർധന മൂലമുണ്ടാകുന്ന അധികബാധ്യത ഓരോ മാസവും ഇന്ധന സർചാർജ്ജായി തുടർമാസത്തിൽ ലൈസൻസി ഈടാക്കണം എന്നാണ് നിഷ്കർഷിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ ഭേദഗതി ഉൾപ്പെടുത്തി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ താരിഫ് റഗുലേഷൻസ് 2021ന്റെ ഒന്നാം ഭേദഗതി റഗുലേഷൻസ്, 2023ന്റെ കരട് വിഞ്ജാപനം കമ്മീഷന്റെ വെബ്സൈറ്റിൽ ഏപ്രിൽ 26 ന് (www.erckerala.org) പ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള പൊതുതെളിവെടുപ്പാണ് 24 നു കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 ന് നടത്തുന്നത്.

പൊതു തെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ താൽപര്യമുള്ളവർ 23 ന് ഉച്ചയ്ക്ക് 12നു മുമ്പായി പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി. ഭവനം, സി. വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ മെയ് 25 നു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

NO COMMENTS

LEAVE A REPLY