കൊച്ചി: കൊച്ചിയുടെ മാലന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയുള്‍പ്പെടെ അഞ്ച് ഇനത്തിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി കൊച്ചിയില്‍ നടത്തുന്ന ‘ബോഷ് ഡിഎന്‍എ ഗ്രാന്‍ഡ് ചലഞ്ച്’മത്സരം.ബോഷ് സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍.കെ ഷിനോയി, ഐഐഐടി ഡയറക്ടര്‍ എം.എസ് രാജശ്രീ എന്നിവര്‍ ചേര്‍ന്ന് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളിലെ മാലിന്യ സംസ്‌കരണവും ഇരുചക്ര പാര്‍ക്കിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. പൈപ്പ് പൊട്ടല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായുള്ള പദ്ധതിയും ഇതോടൊപ്പമുണ്ട്.പതിനെട്ടു മാസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ യുവ സംരംഭകര്‍ ഇലക്ടോണിക് ഉല്പന്ന രൂപകല്‍പന, വികസനം എന്നിവയില്‍ മാറ്റുരയ്ക്കും.
സ്റ്റാര്‍ട്ട് അപ് രംഗത്ത് കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു. ട്രായിയുടെ കണക്കനുസരിച്ച് 38 ശതമാനം കേരളീയര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്. അതില്‍ തന്നെ 60 ശതമാനം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന് ഇത്തരം മത്സരങ്ങള്‍ മുതല്‍കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
നൂതന കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക് യുവാക്കളെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍.കെ ഷിനോയി പറഞ്ഞു. നവീനമായ ആശയങ്ങള്‍ക്ക് എന്നും മുന്‍ഗണന കൊടുക്കുന്ന സ്ഥാപനമാണ് ബോഷെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഇന്നോവേഷന് മാത്രമായി 6 ബില്യണ്‍ യൂറോയാണ് ബോഷ് വകയിരുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മത്സരാര്‍ഥികള്‍ ഓണ്‍ലൈനായി വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒറ്റയ്‌ക്കോ മൂന്നു പേര്‍ കൂടാത്ത സംഘമായോ മത്സരത്തില്‍ പങ്കെടുക്കാം. തങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രൊജക്ടിന്റെ ആദ്യ ആശയം നവംബര്‍ 30-നുള്ളില്‍ നല്‍കണം. അതിനു ശേഷം മൂന്നു മാസം കൊണ്ടാണ് പ്രൊജക്ടിന്റെ മാതൃക ഉണ്ടാക്കേണ്ടത്. ഓരോഘട്ടത്തിലും ബോഷിന്റെയും മേക്കര്‍ വില്ലേജിന്റെയും വിദഗ്ധര്‍ വിലയിരുത്താനും ഉപദേശങ്ങള്‍ നല്‍കാനുമുണ്ടാകും.മാതൃക രൂപപ്പെടുത്തിയെടുക്കുന്നതിന് ഒരു ടീമിന് 50000 രൂപ വരെയാണ്‌ബോഷ് നല്‍കുന്നത്. വിജയികള്‍ക്ക് ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന പ്രവര്‍ത്തിക്കാവുന്നതാണ്. മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്നതിന് സൗജന്യമായാണ് സൗകര്യമൊരുക്കുന്നത്. മാതൃക അംഗീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ വാണിജ്യപരമായ ഉത്പാദനം നടത്തുന്നതിനും സൗകര്യമൊരുക്കുന്നതാണ്.
അഞ്ച് മേഖലകളിലാണ് മത്സരം. കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട്‌സിറ്റിയുമായി ബന്ധപ്പെട്ട് മാലിന്യ സംസ്‌കരണത്തിന് സഹായിക്കുന്ന സെന്‍സറുകള്‍ നിര്‍മ്മിക്കുന്നതാണ് ആദ്യ വെല്ലുവിളി. സ്മാര്‍ട്ട് ചവറ്റുകുട്ടകളാണ് ഉദ്ദേശിക്കുന്നത്.
ശബ്ദതരംഗങ്ങളുപയോഗിച്ച് പൈപ്പുകളിലും മറ്റുമുള്ള തടസ്സങ്ങള്‍ കണ്ടുപിടിക്കുന്നതിനും അത് നന്നാക്കുന്നതിനും ഉള്ള സെന്‍സറുകളും ഉപകരണങ്ങളും രണ്ടാമത്തെ വെല്ലുവിളിയില്‍ ഉള്‍പ്പെടുന്നു.
വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന സെന്‍സറുകളാണ് മൂന്നാമത്തെ വെല്ലുവിളി. മൂടല്‍മഞ്ഞ് സമയത്തെല്ലാം ട്രെയിനുകളും, മറ്റു വാഹനങ്ങളും അപടകത്തില്‍ പെടുന്നത് പതിവാണ്. ഇതിന് ശാശ്വത പരിഹാരം കാണുന്ന തരം സെന്‍സറുകള്‍ വികസിപ്പിക്കുകയാണ് ഇവിടെ ചെയ്യേണ്ടത്.
രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗ്. അതിന് പരിഹാരമാകുന്ന രീതിയിലുള്ള പാര്‍ക്കിംഗ് സെന്‍സറുകളോ ഉപകരണങ്ങളോ നിര്‍മ്മിക്കുന്നതാണ് നാലാം വിഭാഗത്തിലുള്ള വെല്ലുവിളി.
ക്രെയിനുകളിലും മണ്ണുമാന്തിയന്ത്രങ്ങളിലും ഭാരം കൂടിയതിനാല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. മണ്ണുമാന്തിയന്ത്രങ്ങളില്‍ തത്സമയം ഭാരം അളക്കാനുള്ള ഉകപരണമാണ് അവസാന വെല്ലുവിളിയില്‍ പൂര്‍ത്തീകരിക്കേണ്ടത്.
ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകളിലെ പല ആശയങ്ങളും ഉത്പന്നങ്ങളായ മാറുന്നില്ലെന്ന സ്ഥിതിയാണുള്ളതെന്ന് മേക്കര്‍ വില്ലേജ് ചീഫ് കണ്‍സല്‍ട്ടന്റ് പ്രൊഫ എസ്.രാജീവ് പറഞ്ഞു. ഈ കുറവ് നികത്തുന്നതിനുള്ള മികച്ച അവസരമാണ് മേക്കര്‍ വില്ലേജും ബോഷും ചേര്‍ന്നൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ക്യുബേറ്ററായ മേക്കര്‍ വില്ലേജില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുപുറമെ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍, ഇന്ത്യന്‍ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഇന്‍ഫര്‍മേഷന്‍ടെക്‌നോളജി ആന്‍ഡ് മാനേജ്മന്റ് കേരള, സ്റ്റാര്‍ട്ടപ് വില്ലേജ,് ബോഷ് എന്നിവയ്ക്കും പങ്കാളിത്തമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക്മത്സരത്തില്‍ പങ്കെടുക്കാനായി https://goo.gl/forms/xhI55h7UC9zWTWDI2 ല്‍ നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.