പാലക്കാട് •ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ഷോളയൂര്‍ സാമ്ബാര്‍ക്കോട് പരേതനായ അയ്യാസ്വാമി ചെട്ടിയാരുടെ ഭാര്യ മീനാക്ഷി (90) ആണു മരിച്ചത്. ഇവരുടെ കൊച്ചുമകള്‍ കൗസല്യക്കു (24) പരുക്കുണ്ട്. രാവിലെ ആറോടെ പ്രഭാതകൃത്യങ്ങള്‍ക്കായി വീടിനു പുറത്തിറങ്ങിയ മീനാക്ഷിയെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. വീട്ടിനുള്ളിലേക്കു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ കാട്ടാന പിന്തുടര്‍ന്നെത്തി തുമ്ബികൈ ഉപയോഗിച്ചു പുറത്തേക്കു വലിച്ചിട്ടു. ആനയുടെ ചവിട്ടേറ്റ് തുടയെല്ലുകളും ഇടുപ്പെല്ലും തകര്‍ന്നു.
മീനാക്ഷിയെ രക്ഷിക്കാനായെത്തിയ കൗസല്യയെ കാട്ടാന തുമ്ബികൈ ഉപയോഗിച്ച് വലിച്ചെറിഞ്ഞു. വീടിന്റെ ചുവരുകളും കാട്ടാന തകര്‍ത്തു.
നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പടക്കം പൊട്ടിച്ചും മറ്റും കാട്ടാനയെ തുരത്തിയത്. കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മീനാക്ഷി മരിച്ചത്.
ഇടുപ്പെല്ലിനു പരുക്കേറ്റ കൗസല്യ കോട്ടത്തറ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതേ ഒറ്റയാന്‍ ഒരാഴ്ച മുന്‍പ് ഒട്ടേറെ തൊഴിലാളികളെ ആക്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു.