കൊറോണ വൈറസിനെ നേരിടാൻ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ആർ.ആർ.ടി. യോഗം ചേർന്നു

98

തിരുവനന്തപുരം : തൃശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ ചികിത്സയിൽ കഴിയുന്ന ഒരു വിദ്യാർത്ഥിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) യോഗം ചേർന്നു. കൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്.

രോഗം ബാധിച്ച വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്ന് യോഗം വിലയിരുത്തി. എങ്കിലും ആ വിദ്യാർത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടിട്ടുള്ളവരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കണം. കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഇപ്പോൾ രോഗലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കാനും യോഗം തീരുമാനിച്ചു.

ജീവനക്കാർ കർശനമായും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മരുന്നുകൾ, സുരക്ഷ ഉപകരണങ്ങൾ എന്നിവ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി ലഭ്യമാക്കും. തൃശൂർ മെഡിക്കൽ കോളേജിൽ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദേശം നൽകി.

കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ആർദ്രം മിഷൻ സ്റ്റേറ്റ് കൺസൾട്ടന്റ് ഡോ. ജമീല, ആർദ്രം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. സി.കെ. ജഗദീശൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാർ, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെൽ കോ-ഓർഡിനേറ്റർ ഡോ. പി.എസ്. ഇന്ദു, മെഡിക്കൽ സർവീസസ് കോർപറേഷൻ ജനറൽ മാനേജർ ഡോ. ദിലീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

NO COMMENTS