സംതൃപ്തമായ മനസ്സോടെ ജനസേവനം നടത്താന്‍ ജീവനക്കാര്‍ക്ക് സാധിക്കണം; റവന്യൂ മന്ത്രി

100

കാസറകോട് : ജീവനക്കാരുടെ മാനസീക പിരിമുറുക്കം കുറിച്ച് സംതൃപ്തമായ മനസ്സോടെ ജോലി ചെയ്യാനുള്ള സാഹചര്യമാണ് റവന്യൂ ക്വോട്ടേഴ്‌സ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സംതൃപ്തമായ മനസ്സോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അതേ സംതൃപ്തി പൊതു ജനങ്ങള്‍ക്കും നല്‍കാന്‍ കഴിയണം. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ സര്‍ക്കാരിനെ അളക്കുന്നത് പ്രാഥമീകതലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യം ചെയ്തത് മുഴുവന്‍ വില്ലേജ് ഓഫീസുകളുടേയും നില വിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തുകയായിരുന്നു. അതില്‍ വിവിധ പ്രശ്‌നങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടെത്തി. ഇതിന്റെ ആസ്ഥാനത്തില്‍ 113 കോടി രൂപ സര്‍ക്കാര്‍ ഇതിനായി വകയിരുത്തി. 270 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിച്ച് നല്‍കി. 230 ഓഫീസുകളില്‍ അധിക മുറികളും 230 ഓഫീസുകളില്‍ അറ്റകുറ്റപ്പണികളും നടത്തി, ശുചിമുറികളും കുടിവെള്ള സൗകര്യവും ഒരുക്കി.. ഇതിന്റെ ഭാഗമായാണ് റവന്യൂ വകുപ്പിലെ താഴെത്തട്ടില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി താമസ സൗകര്യം ഒരുക്കിയത്, മന്ത്രി പറഞ്ഞു.

കുറ്റിക്കോല്‍ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ അതിഥിയായ ചടങ്ങില്‍ കാസര്‍കോട് പി.ഡബ്ലൂ.ഡി ബില്‍ഡിങ്സ് ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ. ദയനന്ദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. നാരായണന്‍, ജന പ്രതിനിധികള്‍, എ.ഡി.എം എന്‍.ദേവീദാസ് ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു സ്വാഗതവും ആര്‍.ഡി.ഒ കെ. രവികുമാര്‍ നന്ദിയും പറഞ്ഞു.

NO COMMENTS