തൃശൂർ : കുട്ടികൾക്ക് അവകാശങ്ങളെക്കുറിച്ചുള്ള അറിവും ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ഉറപ്പുവരുത്തുന്നതിനായി ബാലാവകാശ കമ്മീഷൻ സംസ്ഥാനതലത്തിൽ വൈജ്ഞാനിക മഹോത്സവം സംഘടിപ്പിക്കുന്നു. ക്വിസിന്റെ സംസ്ഥാന തല ഉദ്ഘാടനം സെപ്റ്റംബർ 21 ന് രാവിലെ 9.30 ന് തൃശൂർ പെരിങ്ങോട്ടുകര ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് നിർവഹിക്കും.
ബ്രെയിൻ സ്റ്റോം 2കെ19 – മേധാശക്തിയുടെ കൊടുങ്കാറ്റ് എന്നാണ് ഇന്റർ സ്‌കൂൾ ക്വിസ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്‌കൂളിൽ നിന്ന് പരമാവധി രണ്ടു കുട്ടികൾക്കാണ് അവസരം ലഭിക്കുക. പൊതുവിജ്ഞാനത്തിൽ ഊന്നിയുള്ള ക്വിസ് മത്സരത്തിൽ നാലിലൊന്ന് ചോദ്യം ബാലാവകാശങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരിക്കും.
ഗ്രാൻഡ് മാസ്റ്റർ ഡോ. ജി.എസ് പ്രദീപ് വൈജ്ഞാനിക മഹോത്സവത്തിന് നേതൃത്വം നൽകും. സംസ്ഥാനത്തെ സ്‌കൂളുകളെ മൂന്ന് മേഖലകളായി തിരിച്ചാണ് ക്വിസ് മത്സരങ്ങൾ നടത്തുക. മറ്റു മേഖലകളിലെ മത്സരത്തീയതികൾ പിന്നീട് അറിയിക്കും. മേഖലാമത്സരത്തിലെ വിജയികൾ ഗ്രാൻഡ് ഫൈനലിൽ മാറ്റുരയ്ക്കും. വിജയികൾക്ക് കാഷ് അവാർഡ്, പ്രശസ്തിപത്രം, ശിൽപ്പം എന്നിവ സമ്മാനിക്കും. മത്സരിക്കാനാഗ്രഹിക്കുന്ന കുട്ടികൾ brainstorm2k19@gmail.com വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യണം. മത്സരദിവസം രാവിലെ ഒൻപത് മുതൽ സോണൽ മത്സരവേദിയിലും രജിസ്‌ട്രേഷൻ നടക്കും.