കാസറകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിവിധ പദ്ധതികളിലായി ഇതുവരെ 220,72,32,964 രൂപ ചെലവഴിച്ചതായി എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗത്തില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖ രന്‍ അറിയിച്ചു. സാമ്പത്തിക സഹായത്തിന് 171.10 കോടിരൂപയും, ചികിത്സയ്ക്ക് 15.03 കോടിയും, പെന്‍ഷന്‍ (2018-19 വരെ) 25.32 കോടിയും, ആശ്വാസ കിരണം (2018-19 വരെ) 1.75 കോടിയും, സ്‌കോളര്‍ഷിപ്പ് (2018-2019 വരെ) 67.80 ലക്ഷം രൂപയും, വായ്പ എഴുതിത്തള്ളുന്നതിനായി 6.82 കോടി രൂപയുമാണ് ചെലവഴിച്ചത്.
ഡയാലിസിസിന് വിധേയരാവുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനായി ജില്ലയിലെ ഏഴ് ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭി ക്കും. പെരിയ, ബദിയടുക്ക, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് എന്നിവടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റിനാവശ്യമായ 1000 ചതുരശ്ര അടി സ്ഥലസൗകര്യം ലഭ്യമായതിനാല്‍ നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നുണ്ട്.
സ്ഥല സൗകര്യമില്ലാത്ത ചെറുവത്തൂര്‍, മുളിയാര്‍, കുമ്പള എന്നിവടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും സാമ്പത്തിക സഹായം നല്‍കി 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ആറു പേരെ പ്രത്യേക ഉത്തരവ് വഴി ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി യോഗത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിതരായ മൂന്ന് പേരുടെ സേവനം ദീര്‍ഘിപ്പിക്കുന്നതിനായി യോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ 50,000 രൂപമുതല്‍ 3 ലക്ഷം വരെയുള്ള കടബാധ്യതകള്‍ എഴുതി തള്ളുന്നതിനായി 6,82,70,833 രൂപ വിവിധ ബാങ്കുകളി ലേക്ക് ഒടുക്കിയിട്ടുണ്ട്. 1720 വ്യക്തികളുടെ 2153 ലോണുകളാണ് ഇങ്ങനെ എഴുതിത്തള്ളിയത്. പട്ടികയിലുള്‍പ്പെട്ട 14കാരിയായ കുട്ടിക്ക് 2,88,750 രൂപ ചെലവഴിച്ച് ന്യൂ ബിടിഇ സ്പീച്ച് പ്രൊസസര്‍ വാങ്ങി നല്‍കാനും യോഗം തീരുമാനിച്ചു.
കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ വി എം കൃഷ്ണദേവന്‍, സെല്‍ അംഗങ്ങള്‍ സംബന്ധിച്ചു.