ലണ്ടന്‍ : ന്യൂസിലന്‍ഡിനെതിരായ ആവേശകരമായ പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് വഴി മാറുകയും ഇംഗ്ലണ്ട് ജയം സ്വന്തമാക്കുകയുമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സ് നേടിയതോടെ ആവേശം നിറഞ്ഞ പോരാട്ടം സൂപ്പര്‍ ഓവറില്‍ എത്തുകയായിരുന്നു. ഇരു ടീമും 15 റണ്‍സ് നേടി സൂപ്പര്‍ ഓവറില്‍ സമനിലയിലായെങ്കിലും ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമണിയുകയായിരുന്നു.
ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്കോറിലെത്താന്‍ ന്യൂസിലന്‍ഡിനെ സഹായിച്ചത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് ലിയാം പ്ലങ്കറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോള്‍ മാര്‍ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ജോസ് ബട്‌ലറും(59) ബെന്‍ സ്റ്റോക്‌സുമാണ്(84 റണ്‍സുമായി പുറത്താകാതെ നിന്നു) തകര്‍പ്പന്‍ പ്രകടനം കളിക്കളത്തില്‍ കാഴ്ച്ച വെച്ചത്. അവസാന പന്തില്‍ അവസാന വിക്കറ്റ് വീണുവെങ്കിലും സമനിലയായത് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിന് വഴി തെളിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിനെതിരെ ജോഫ്ര ആര്‍ച്ചര്‍. പന്തെറിയാനെത്തി. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ പരാജയത്തിലേക്ക് തള്ളിയിട്ടു.റോയ്‌യുടെ ത്രോയില്‍ ബട്‌ലര്‍ സ്റ്റംപ് ചെയ്തതോടെ മത്സരം സമനിലയിലെത്തുകയും തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം കരസ്ഥമാക്കുകയുമായിരുന്നു.