കാര്‍ഡിഫ്: ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് അടിതെറ്റി. 307 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.5 ഓവറില്‍ 280 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഇംഗ്ലണ്ട് ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനു തുടക്കത്തില്‍തന്നെ സൗമ്യ സര്‍ക്കാരെ (2) നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഷക്കിബ് ഹസന്റെ ഒറ്റയാന് പോരാട്ടമാണ് കാണാന്‍ സാധിച്ചത്. 119 പന്തുകളില്‍ നിന്ന് 121 റണ്‍സെടുത്ത് ഹസന് പൊരുതിയെങ്കിലും ജയം സാധ്യമായില്ല. മുസ്ഫിക്കര്‍ റഹിം(44) മഹമദുള്ള(28), മൊസദേക്ക് ഹൊസൈന്‍(26) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ അല്പമെങ്കിലും പൊരുതി നിന്നവര്‍.
ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്സും ജോഫ്ര ആര്‍ച്ചറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും പ്ലങ്കറ്റും ആദില്‍ റഷീദും ഓരോ വിക്കറ്റ് വീതവും നേടി.
ഇംഗ്ലണ്ടിന് ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും നല്കിയ ഗംഭീര തുടക്കമാണ് മികച്ച സ്കോറിലെത്തിച്ചത്. 121 പന്തുകളില്‍ നിന്ന് 153 റണ്‍സെടുത്ത് ജേസണ്‍ റോയ് തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് 50 പന്തുകളില്‍ നിന്ന് 51 റണ്‍സ് നേടി ജോണി ബെയര്‍സ്റ്റോ മികച്ച പിന്തുണ നല്കി. പിന്നീട് ജോ റൂട്ട്(21), ജോസ് ബട്ലര്(64), മോര്ഗന്(35) പ്ലങ്കറ്റ്(27) എന്നിവരും ഇംഗ്ലണ്ട് ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നു.
ബംഗ്ലാദേശിനായി മുഹമ്മദ് സൈഫുദ്ദീനും മെഹ്ദി ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോര്ത്താസയും റഹ്മാനും ഓരോ വിക്ക് വീതവും നേടി.