ബോര്‍ഡുകള്‍ വരുമാനം വര്‍ധിപ്പിച്ച് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ഉറപ്പാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിയമസഭാ മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്ത കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡിന്റെ നിലവിലുള്ള വരുമാനം പരിശോധിച്ച് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം.
തൊഴിലാളികളുടെ എണ്ണത്തോടൊപ്പം അവര്‍ക്കുള്ള ആനുകൂല്യവും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിന് ഉദ്യോഗസ്ഥതലത്തിലും ട്രേഡ് യൂണിയന്‍തലങ്ങളിലും യോഗങ്ങള്‍ വിളിച്ച് ചര്‍ച്ച നടത്താന്‍ ബോര്‍ഡിന് മന്ത്രി നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യോഗവും ഉടമകളുടെ യോഗവും പ്രത്യേകം വിളിച്ച് ചര്‍ച്ച ചെയ്യണം.ഏവരുടെയും സഹകരണം ഉറപ്പാക്കി വേണ്ട നടപടികള്‍ക്ക് ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഐടി അനുബന്ധ മേഖലയില്‍ ക്ഷേമ പദ്ധതി തയാറാക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കും. .ക്ഷേമനിധി ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ക്രഷ് തുടങ്ങുന്നതിനായി ആദ്യഘട്ടമെന്ന നിലയില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ച സ്ഥലങ്ങളായ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേതെങ്കിലും തെരഞ്ഞെടുത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബോര്‍ഡുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഇതിനോടകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സമാന സ്വഭാവമുള്ള ബോര്‍ഡുകളുടെ ലയനം സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു നടപ്പാക്കുന്നതിന് മുന്‍പ് ബോര്‍ഡുകളുടെ പ്രവര്‍ത്തന പുരോഗതിയും സ്വഭാവവും പരിശോധനയ്ക്ക് വിധേയമാക്കും.
ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ അംഗത്വം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണം. സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ പ്രാവര്‍ത്തികമാക്കാന്‍ നടപടി ഊര്‍ജ്ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇരിപ്പിട അവകാശം സംബന്ധിച്ച് കൊണ്ടു വന്ന നിയമം പ്രാവര്‍ത്തികമാക്കുന്നതിന് ജില്ലാ തലങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ നിയമം കണ്ടെല്ലെന്ന് നടിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടില്‍ വരുത്തിയിട്ടുള്ള നിയമഭേദഗതികള്‍ ഉടന്‍ നടപ്പാക്കുന്നതിന് തൊഴിലുടമകള്‍ക്കും ഇതനുസരിച്ചുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴിലാളികള്‍ക്കും അവബോധം പകരണം.വൈകുന്നേരം ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി രാത്രി ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം.
രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ മാറ്റി ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍, ബോര്‍ഡ് ചെയര്‍മാന്‍, മറ്റ് ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു