തിരുവനന്തപുരം ജില്ലയുടെ കായിക വികസനത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതിരൂപരേഖ തയാ റാക്കുന്നതിനായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്‌പോർട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു. പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ നടന്ന സമ്മിറ്റ് വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളും സ്‌പോർട്‌സ് കൗൺസിലും കൈകോർത്താൽ യുവ കായിക താരങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാധ്യത കൂടി ഉപയോഗപ്പെടുത്തി, സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിൽ കായിക രംഗ ത്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ജനുവരി 23 മുതൽ 26 വരെ നടത്തുന്ന ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള -2024 ന്റെ ഭാഗമായാണ് ജില്ലാ സ്‌പോർട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചത് .
ജില്ലയുടെ കായിക വികസനത്തിന് നടപ്പിലാക്കേണ്ട ആസൂത്രണവും വിവരശേഖരണവും, പ്രാഥമിക പദ്ധതി രൂപരേഖ സംബന്ധിച്ച് മാർഗരേഖ തയാറാക്കൽ, സ്‌പോർട്‌സ് പോളിസി, കോഴ്‌സ് ഇക്കോണമി എന്നിവയുടെ അവതരണവും, സ്‌പോർട്‌സ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും സമ്മിറ്റിൽ ചർച്ച ചെയ്തു.
തദ്ദേശസ്ഥാപനങ്ങളിൽ വിവിധ പദ്ധതികൾ സമ്മിറ്റിന്റെ ഭാഗമായി ആസൂത്രണം ചെയ്തു. ഡിസംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിൽ പഞ്ചായത്ത് തല സമ്മിറ്റുകൾ പൂർത്തീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ഒരു കായിക പദ്ധതിയെങ്കിലും സമ്മിറ്റിന്റെ ഭാഗമായി നടപ്പാക്കും. മാതൃക നടപ്പാത, ഓപ്പൺ ജിം, സൈക്ലിംഗ് ട്രാക്ക്, നീന്തൽകുളം എന്നിവ പഞ്ചായത്തുകളിൽ നടപ്പാക്കുന്നത് സംബന്ധിച്ചും സമ്മിറ്റിൽ നിർദേശമുയർന്നു. കായിക പദ്ധതിയിലുൾപ്പെടുത്തി ഗ്രൗണ്ടുകൾ, ടൂർണമെന്റ്, ഗ്രാമീണ -കായിക വിനോദങ്ങൾ, നീന്തൽ ക്ലാസുകൾ, ടർഫ്, ജിം പോലുള്ള സ്വകാര്യ സംരംഭങ്ങളും പരിഗണിക്കും.
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്ത് കായിക നയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ദേശീയ-അന്തർദേശിയ കായിക താരങ്ങൾ, പരിശീ ലകർ, കായിക സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ നിർദേശങ്ങൾ പങ്കുവെച്ചു.
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഗോപൻ.ജെ.എസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശരണ്യ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എസ്. എസ് സുധീർ, സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ലീന. എ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സ്മിത.ആർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.