കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജല ലഭ്യത ഉറപ്പാക്കും: കളക്ടർ

30

തിരുവനന്തപുരം ജില്ലയിൽ വേനൽക്കാലത്തു കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ജല ലഭ്യത ഉറപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഈ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി പരിശോധന നടത്തിയശേഷം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ കളക്ടർ പറഞ്ഞു.

ജില്ലയിൽ കടലാക്രമണം രൂക്ഷമായ പൊഴിയൂർ, വലിയതുറ മേഖലകളിലും മറ്റു തീരദേശ പ്രദേശങ്ങളിലും കടൽഭിത്തി നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കളക്ടർ നിർദേശം നൽകി. കടൽ ഭിത്തി നിർമാണത്തിന് ആവശ്യമായ പാറയുടെ ലഭ്യത ഉറപ്പുവരുത്തും. കോന്നി മെഡിക്കൽ കോളേജ് പ്രദേശങ്ങളിൽനിന്നു പാറ എത്തിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കടൽഭിത്തി നിർമാണത്തിന് ആർ.ഡി.ഒ അനുമതി നൽകിയ മുഴുവൻ പ്രദേശങ്ങളിലും അടിയന്തരമായി പാറ എത്തിക്കുന്നതിനു ജില്ലാ ജിയോളജിസ്റ്റിനും ഇറിഗേഷൻ വകുപ്പിനും ഹാർബർ എൻജിനീയറിങ് വകുപ്പിനും കളക്ടർ നിർദേശം നൽകി.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

NO COMMENTS