തിരുവനന്തപുരം : 2020 ലെ നീറ്റ് എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷകൾക്ക് ഒരു വർഷത്തെ കോച്ചിംഗ് ക്ലാസ്സിൽ പങ്കെടുത്ത് പരിശീലനത്തിന് പട്ടികവർഗ വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2019 മാർച്ചിലെ പ്ലസ്ടു സയൻസ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡിൽ കുറയാതെ ഗ്രേഡു ലഭിച്ചു വിജയിച്ചവരും 2019 ലെ മെഡിക്കൽ പൊതു പ്രവേശന പരീക്ഷയിൽ 15 ശതമാനത്തിൽ കുറയാതെ സ്‌കോർ നേടിയവർക്ക് അപേക്ഷിക്കാം.
2019 ലെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒരു വർഷം നീണ്ടു നിന്ന പരിശീലനത്തിൽ പങ്കെടുത്തതും 25 ശതമാനത്തിൽ കുറയാതെ സ്‌കോർ നേടിയ വിദ്യാർത്ഥികളെയും മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തിൽ പരാമർശിത പരിശീലനത്തിനു പരിഗണിക്കും. എന്നാൽ രണ്ടിൽ കൂടുതൽ പ്രവേശന പരീക്ഷാ പരിശീലനത്തിൽ പങ്കെടുത്തവരെ പരിഗണിക്കില്ല.
ഏറ്റവും യോഗ്യരായ 80 പേരെ തിരഞ്ഞെടുത്ത് 2020 ലെ നീറ്റ്, എൻജിനിയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിന് താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി നടത്തും.
താൽപര്യമുള്ള പട്ടികവർഗ വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, ഇവ വെള്ളക്കടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും 2019 പ്രവേശന പരീക്ഷയുടെ സ്‌കോർ ഷീറ്റിന്റെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂർ, നിലമ്പൂർ, കൽപ്പറ്റ എന്നീ പ്രോജക്ടാഫീസുകളിലും പുനലൂർ, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുൽത്താൻബത്തേരി, മാനന്തവാടി, കാസർഗോഡ്, കോഴിക്കോട് എന്നീ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിൽ ജൂൺ 26 ന് അഞ്ചു മണിക്കു മുമ്പ് ബന്ധപ്പെട്ട ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർമാർക്ക് ലഭ്യമാക്കണം.
നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലനത്തിനായുള്ള മുഴുവൻ ചെലവും, താമസ, ഭക്ഷണ സൗകര്യം, ഓണം, ക്രിസ്മസ്, വിഷു എന്നീ അവധിക്കാലത്തിൽ രക്ഷിതാവിനെ കൂട്ടി വീട്ടിൽ പോയി വരുന്നതിനുള്ള ചെലവടക്കം സർക്കാർ വഹിക്കും.