കായികപരിശീലന ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കും: മന്ത്രി ഇ. പി. ജയരാജൻ.

243

തിരുവനന്തപുരം : കായികരംഗത്ത് ആവശ്യമായ പരിശീലന ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കുമെന്നും ഈ മേഖലയിൽ വ്യവസായം ആരംഭിക്കുമെന്നും കായിക മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വെള്ളയമ്പലം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്‌പോർടെക്‌സ് 2019 ഇന്റർനാഷണൽ സ്‌പോർട്‌സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌പോർട്‌സ് ഉപകരണ നിർമ്മാണത്തിനും വ്യവസായത്തിനും അനുകൂലമായ അവസ്ഥയാണ് കേരളത്തിലുള്ളത്. കായികരംഗത്ത് രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്താനുള്ള എല്ലാവിധ പ്രോത്സാഹനവും സർക്കാർ നൽകുന്നുണ്ട്. അടുത്ത ഒളിമ്പിക്‌സിൽ കേരളത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കാനായി കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. അന്തർദേശീയ നിലവാരത്തിലുള്ള പരിശീലകരെ കണ്ടെത്തി കായികതാരങ്ങൾക്ക് അവരുടെ സേവനം ഉപയോഗപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ നിരവധി കളിക്കളങ്ങൾ ഉണ്ടാവും. കായിക മേഖലയിൽ എല്ലാ വർഷവും പ്രത്യേകം പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാർ എം. എൽ. എ അധ്യക്ഷത വഹിച്ചു. കായിക യുവജനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് , കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, ഡോ. ജി. കിഷോർ തുടങ്ങിയവർ സംസാരിച്ചു.

കായികതാരങ്ങൾക്കായി അന്തർദേശീയ നിലവാരത്തിലുള്ള കായിക ഉപകരണങ്ങൾ, സാങ്കേതിക വിദ്യ, അനുയോജ്യമായ ഭക്ഷണ രീതികൾ, പോഷകാഹാരം, അന്തർദേശീയ നിലവാരമുള്ള കായികവസ്ത്രങ്ങൾ എന്നിവയുടെ പ്രദർശനമാണ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശ്‌സ്തമായ കമ്പനികളും കാര്യവട്ടം എൽ. എൻ. സി. പി.യും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സെമിനാറുകൾ, ശില്പശാലകൾ, സ്‌പോർടിംഗ് പരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രദർശനം ശനിയാഴ്ച അവസാനിക്കും.

NO COMMENTS