എറണാകുളം ഉപതിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

121

എറണാകുളം ഉപതിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ – പെരുമാറ്റച്ചട്ടം: നിരീക്ഷണം ശക്തം

കാക്കനാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ പാലനം ഉറപ്പാക്കുന്നതിനായി സ്ക്വാഡുകള്‍ നിരീക്ഷണം ശക്തമാക്കി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള ആന്റി ഡീഫേസ്മെൻറ് സ്ക്വാഡുകളാണ് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും ബാനറുകളും മറ്റ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്യുന്നത്. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്തെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യുന്നതിന് എ.ഡി.എം നേരിട്ടെത്തി നേതൃത്വം നല്‍കി. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പതിച്ചിട്ടുള്ള പോസ്റ്ററുകളും ബാനറുകളും ഉടനെ നീക്കം ചെയ്യണണെന്ന് അദ്ദേഹം അറിയിച്ചു. സ്ക്വാഡുകള്‍ നീക്കം ചെയ്യുന്ന പക്ഷം ഇതിന് ചെലവാകുന്ന തുക സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.

പെരുമാറ്റച്ചട്ടപ്രകാരം ഓഫീസ് പരിസരങ്ങളിൽ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളും ബാനറുകളും പതിക്കാൻ പാടില്ലാത്തതും പതിച്ചവ നീക്കം ചെയ്യേണ്ടതുമാണ്.അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള ആന്റി ഡീഫേസ്മെൻറ് സ്ക്വാഡ് കളക്ടറേറ്റ് പരിസരത്തുള്ള പ്രചരണ സാമഗ്രികളുംമറ്റും നീക്കം ചെയ്യുന്നു

യോഗങ്ങള്‍ – സമയവും സ്ഥലവും പൊലീസിനെ അറിയിക്കണം

കാക്കനാട് – നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി യോഗങ്ങള്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വിവരം മുന്‍കൂട്ടി പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. സ്ഥലം, സമയം, പങ്കെടുക്കുന്നവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് പൊലീസിന് നല്‍കേണ്ടത്. യോഗം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ ആപ്ലിക്കേഷനിലൂടെയും അപേക്ഷ നല്‍കണം.

യോഗം നടത്തുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ ഉണ്ടെങ്കില്‍ കര്‍ശനമായി പാലിക്കണം. ഉച്ചഭാഷിണികളോ മറ്റ് ശബ്ദസംവിധാനമോ ഉപയോഗിക്കുന്നതിന് മുന്‍കൂട്ടി അപേക്ഷ നല്‍കണം. യോഗം തടസപ്പെടുത്തുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യുന്നവരെ തടയുന്നതിന് പൊലീസിന്‍റെ സഹായം തേടണം. പ്രശ്നക്കാര്‍ക്കെതിരെ സംഘാടകര്‍ നേരിട്ട് നടപടിയെടുക്കരുത്.

ജാഥകള്‍ – ജാഥകള്‍ തുടങ്ങുന്ന സ്ഥലം, പോകുന്ന വഴി, സമാപനകേന്ദ്രം എന്നിവ മുന്‍കൂട്ടി തീരുമാനിച്ച് പൊലീസിന്‍റെ അനുമതി തേടണം. ഈ റൂട്ടില്‍ പിന്നീട് മാറ്റം വരുത്തരുത്. ഗതാഗത നിയന്ത്രണം കര്‍ശനമായി പാലിക്കണം. ജാഥ നീണ്ടതാണെങ്കില്‍ ഗതാഗതസ്തംഭനം ഒഴിവാക്കുന്ന രീതിയില്‍ ക്രമീകരിക്കണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേസമയം ജാഥ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കുന്നതിനും ഗതാഗതം തടസപ്പെടാതിരിക്കുന്നതിനും മുന്‍കരുതലെടുക്കണം. ദുരുപയോഗിക്കാന്‍ സാധ്യതയുള്ള സാമഗ്രികള്‍ ജാഥയില്‍ പങ്കെടുക്കുന്നവര്‍ കൈവശം വയ്ക്കാന്‍ സംഘാടകര്‍ അനുവദിക്കരുത്. മറ്റ് പാര്‍ട്ടികളിലെ നേതാക്കളെയോ അംഗങ്ങളെയോ പ്രതിനിധീകരിക്കുന്ന കോലങ്ങള്‍ കൊണ്ടുപോകുന്നതും കത്തിക്കുന്നതും പോലുള്ള പ്രകടനങ്ങള്‍ പാടില്ല.

ഹരിത തിരഞ്ഞെടുപ്പുമായി ജില്ലാ മിഷന്‍ ടീം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടത്തോടെ നടത്താന്‍ ഒരുങ്ങുകയാണ് എറണാകുളം ജില്ലയിലെ ശുചിത്വ മിഷനും ഹരിത കേരളം മിഷനും. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശം പാലിച്ചാണ് ഇരു മിഷനുകളുടെയും പ്രവര്‍ത്തനം.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാ അജൈവ വസ്തുക്കളുടെയും ഉപയോഗം ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. പ്രചരണത്തിനായി ചുവരെഴുത്തുകള്‍, പരുത്തി തുണികള്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ്റ, മുള, പാള എന്നിവ ഉപയോഗിക്കണം. അനുമതിയുള്ള സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കാം. കോട്ടണ്‍ തുണി, പേപ്പര്‍ എന്നിവ ഉപയോഗിച്ചു മാത്രമേ കൊടി തോരണങ്ങൾ നിർമ്മിക്കാവൂ. പ്രചരണ സമയത്തും മറ്റു അനുബന്ധ പരിപാടികളിലും ഭക്ഷണ- കുടിവെള്ള വിതരണങ്ങള്‍ക്കായി ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്കു പകരം സ്റ്റീല്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവ മാത്രം ഉപയോഗിക്കണം.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കളെല്ലാം പ്രകൃതി സൗഹൃദമായിരിക്കണം.

തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തണം. ബോധവത്കരണത്തിനും ബൂത്തുകളില്‍ ഹരിത പെരുമാറ്റച്ചട്ടം ഉറപ്പു വരുത്തുന്നതിനായി ഗ്രീന്‍ വൊളന്റിയേഴ്‌സിനെ ചുമതലപ്പെടുത്തും. തിരഞ്ഞെടുപ്പിനു ശേഷം പ്രചരണ വസ്തുക്കളും വോട്ടേഴ്‌സ് സ്ലിപ്പുകളും തരംതിരിച്ച് ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി അവ പുന:ചംക്രമണം ചെയ്യണം. ഹരിത ഇലക്ഷനിലൂടെ മാലിന്യമുക്ത കേരളമാണ് ലക്ഷ്യം

NO COMMENTS