ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ രൂപീകരിക്കുന്നു.

58

തിരുവനന്തപുരം : മലയാളികളുടെ പുതുവർഷമായ ചിങ്ങം ഒന്നുമുതൽ മുതൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ രൂപീ കരിക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് കർഷക ദിനത്തിന്റെയും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്ര ങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കാർഷകർക്കായുള്ള മൊബൈൽ ആപ്പിന്റെയും വെബ് പോർട്ടലിന്റേയും ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിക്കും.

ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാന കൃഷി വകുപ്പും കാർഷിക സർവകലാശാലയും ചേർന്ന് കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക്തലത്തിൽ ഒരു സ്ഥിരം സംവിധാനം ആരംഭിക്കുന്നത്. ബ്ലോക്ക്തലത്തിനുപുറമേ, കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, എന്നിവിടങ്ങളിലും കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കും.
ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെയും കർഷകദിനത്തിന്റേയും ഉദ്ഘാടന ചടങ്ങുകൾ തൃശൂർ ഒല്ലൂക്കര ബ്ലോക്കിലാണ് സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ: ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ: ആർ. ചന്ദ്രബാബു, കാര്ഷികോത്പാദന കമ്മീഷണർ ഇഷിതാ റോയ്, കൃഷി ഡയറക്ടർ ഡോ: കെ. വാസുകി എന്നിവർ നേരിട്ടും/ഓൺലൈൻ വഴിയും പങ്കെടുക്കും.

കാർഷിക വിജ്ഞാനവ്യാപന രംഗത്ത് ഒരു സുപ്രധാന കണ്ണിയായിരിക്കും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ. വിജ്ഞാന വ്യാപനത്തിനായി നിലവിൽ കാർഷിക സർവ്വകലാശാല, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാനത്ത് നിലവിലുണ്ട്. ജില്ലാതലത്തിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ കൃഷി ഭവനുകളുമാണ് നിലവിലുള്ളത്. ഇത് കൂടുതൽ ശക്തിപ്പെടുത്താനാണ് ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ എന്ന ആശയം കൃഷി വകുപ്പ് കൊണ്ടുവന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു.
വിവിധ കാർഷികോൽപാദനത്തിനുള്ള പദ്ധതികൾ/വിളകളുടെ ഉൽപാദനത്തിനുള്ള ശാസ്ത്രീയ മുറകൾ എന്നിവ കാർഷിക കാലാവസ്ഥ മേഖലകളുടെ പ്രത്യേകതകൾ അനുസരിച്ച് തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് കാർഷിക വിജ്ഞാന വ്യാപന കേന്ദ്രങ്ങളുടെ ലക്ഷ്യം.

ഭക്ഷ്യ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ വിത്തുകൾ, നടീൽ വസ്ത്തുക്കൾ, ജൈവ ഉത്പാദന ഉപാധികൾ എന്നിവ ഉൽപാദിപ്പിക്കുന്നതിനായി വിത്ത് ഗ്രാമങ്ങളും വിത്ത് ഉൽപാദന ക്ലസ്റ്ററുകളും സ്ഥാപിക്കുന്നതിനു കേന്ദ്രങ്ങൾ സഹായിക്കും.ബ്ലോക്ക് തലത്തിൽ കാർഷിക സാങ്കേതിക ഉപദേശങ്ങളും, കാർഷിക ഉൽപാദനം, വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം, എന്നീ വിഷയങ്ങളിൽ പരിശീലനവും നൽകും.

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളും കൃഷി വകുപ്പും നടപ്പാക്കുന്ന വിവിധ സ്‌കീമുകൾ, പ്രോജക്ടുകൾ എന്നിവയ്ക്ക് സാങ്കേതിക സഹായം നൽകും.കാർഷിക സർവകലാശാലയിലെ ഒരു ശാസ്ത്രജ്ഞ നായിരിക്കും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ നോഡൽ ഓഫീസർ. ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൺവീനറായിരിക്കും. ബ്ലോക്കിനു കീഴിലുള്ള കൃഷി അനുബന്ധ മേഖലകളിലെ നിർവഹണ ഉദ്യോഗസ്ഥരും കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും.

എല്ലാ കൃഷിഭവനുകളിലും ബ്ലോക്ക്തലത്തിൽ ബ്ലോക്ക് ലെവൽ കൃഷി വിജ്ഞാന കേന്ദ്രങ്ങളും പഞ്ചായത്തുകളിൽ കൃഷിഭവൻ തലത്തിൽ കൃഷി പാഠശാലയും നടപ്പിലാക്കുകയാണ്. കാർഷിക വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ താഴെ തട്ടുവരെ എത്തിക്കുക എന്ന ലക്ഷ്യം ഇതോടെ നടപ്പാക്കപ്പെടും. കാർഷിക വിജ്ഞാന വ്യാപനമാണ് മറ്റൊരു മേഖല. കോവിഡ് പശ്ചാത്തലത്തിൽ കർഷകർക്കും മറ്റു ജനങ്ങൾക്കും കൃഷി അറിവുകൾ പകർന്നു നൽകുന്നതിനായി കൃഷി പാഠശാലകൾ രൂപീകരിച്ച് ഓൺലൈൻ വിദ്യാഭ്യാസം നൽകി വരികയാണ്. ഓരോ വർഷവും ഓരോ പഞ്ചായത്തിലും കുറഞ്ഞത് 2000 കർഷകരെ പരിശീലിപ്പിക്കാനായി കൃഷി പാഠശാലകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവക്കുള്ള ഓൺലൈൻ വെബ്പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും കർഷകദിനത്തിൽ മുഖ്യമന്ത്രി ലോഞ്ചിങ് നടത്തും. കർഷകർക്ക് നേരിട്ടു വിള ഇൻഷുറൻസ് ചെയ്യാനും പോളിസി കരസ്ഥമാക്കാനും നാശനഷ്ടം റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും എ.ഐ.എം.എസ് എന്ന മൊബൈൽ ആപ്പും എ.ഐ.എം.എസ് വെബ്പോർട്ടലിലെ ഇൻഷുറൻസ് പദ്ധതികൾക്കായുള്ള സേവനവുമാണ് കർഷകദിനത്തിന് ലോഞ്ചിങ് നടത്തുന്നത് www.aims.kerala.gov.in എന്ന പോർട്ടലിലൂടെ കർഷകർക്ക് ഈ സേവനം ലഭ്യമാക്കാം.
\
കോവിഡ് മഹാമാരി വ്യാപിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ തന്നെ സമീപ സംസ്ഥാനങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും ഭക്ഷ്യക്ഷാമവും മുന്നിൽ കണ്ടുകൊണ്ടാണ് കൃഷിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സുഭിക്ഷകേരളമെന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. കൃഷിവകുപ്പിനാണ് പദ്ധതിയുടെ പ്രധാന നടത്തിപ്പ് ചുമതല. പദ്ധതി ആരംഭിച്ച് നാലു മാസം കഴിഞ്ഞിരിക്കുകയാണ്. വളരെ വലിയ ഒരു ജനകീയ മുന്നേറ്റമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.

പദ്ധതിയിലേക്ക് പരമാവധി കർഷകരെയും യുവാക്കളെയും ചേർക്കുന്നതിനായി സുഭിക്ഷകേരളം വെബ് പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ സുഭിക്ഷകേരളം പദ്ധതിയിൽ 64755 കർഷകരാണ് പോർട്ടൽ വഴിയും നേരിട്ടും രജിസ്ട്രേഷൻ ചെയ്തിട്ടുള്ളത്. ഇതിൽ 11528 പ്രവാസികളും 10894 യുവാക്കളും ഉൾപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ പരമാവധി ഭക്ഷ്യോല്പാദനം സാധ്യമാക്കുക എന്നതിന് പ്രാധാന്യം നൽകിയാണ് പദ്ധതി ആരംഭിച്ചത്. എല്ലാ കുടുംബങ്ങളെകൊണ്ടും സ്വന്തമായി കൃഷി ചെയ്യിക്കുവാൻ ആയിരുന്നു ആദ്യ ശ്രമം. ഇതിനു വേണ്ട നടീൽ വസ്തുക്കൾ, വിത്തുപാക്കറ്റുകൾ എന്നിവ വിവിധ ഏജൻസികൾ, പത്രമാധ്യമങ്ങൾ എന്നിവ മുഖേന സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കുമായി വിതരണം ചെയ്തു. ഒരു കോടി ഇരുപത് ലക്ഷത്തോളം വിത്തു പാക്കറ്റുകൾ ആണ് രണ്ടു ഘട്ടങ്ങളിലായി സംസ്ഥാനത്ത് വിതരണം ചെയ്തത്.

തരിശുനിലങ്ങൾ പരമാവധി കണ്ടെത്തി കൃഷിചെയ്യിക്കുകയെന്നതായിരുന്നു പ്രധാനലക്ഷ്യം. ഇതിനകം 29824 ഹെക്ടർ തരിശുഭൂമി കൃഷിക്കായി രജിസ്ട്രേഷൻ ചെയ്തുകഴിഞ്ഞു. കൃഷി വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇതിനകം 15338 തരിശുനില കൃഷിക്കുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് കൃഷി ആരംഭിക്കുകയും ഇത്തരത്തിൽ ഇതിനകം ആകെ 29824 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമായിട്ടുണ്ട്.

പ്രാദേശികഫലവർഗങ്ങളുടെയും വിദേശ ഫല വർഗ്ഗങ്ങളുടെയും വ്യാപനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുകോടി ഫലവൃക്ഷതൈകളുടെ വിതരണവും പരിപാലനവും പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാംഘട്ടം ഇപ്പോൾ നടന്നുവരികയാണ്. 82 ലക്ഷം ഫലവൃക്ഷതൈകൾ ഇതുവരെ വിതരണം ചെയ്തു. സുഭിക്ഷകേരളത്തിലെ ഭാഗമായി 1000 മഴമറകളാണ് ഈവർഷം നിർമിക്കുന്നത്. ഇതുവരെ 546 മഴമറകൾ പൂർത്തീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ഘടകമാണ് കാർഷികകർമസേനകളും അഗ്രോ സർവീസ് സെന്ററുകളും. എല്ലാ പഞ്ചായത്തുകളിലും ഈ വർഷം കാർഷിക കർമസേനകൾ പ്രവർത്തനം ആരംഭിക്കും. ഇതുവരെ 361 കാർഷിക കർമ്മസേനകൾ ആരംഭിച്ചതായി കൃഷി മന്ത്രി അറിയിച്ചു.

NO COMMENTS