ബാകു: ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ഡെന്മാര്ക്ക് യൂറോ കപ്പ് സെമിയില്‍. യൂറോ 2004 ക്വാര്‍ട്ടറില്‍ ചെക്കിനോടു തോറ്റു പുറത്തുപോകേണ്ടിവന്ന ഡെന്മാര്ക്കിനിതു മധുരപ്രതികാരം കൂടിയായി. യൂറോയില്‍ ചെക്കിനോടു മത്സരിച്ചപ്പോഴെല്ലാം തോല്‍വി വഴങ്ങാനായിരുന്നു ഡെന്മാര്ക്കിന്റെ വിധി.
എന്നാല്‍ ഒളിമ്ബിക് സ്റ്റേഡിയത്തില്‍ കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ഡെന്മാര്ക്ക് നയം വ്യക്തമാക്കി. തോമസ് ഡെലാനിയിലൂടെ ഡെന്മാര്ക്ക് മുന്നില്‍. കോര്‍ണര്‍കിക്കിന് തലവച്ചാണ് ഡെലാനി ഡെന്മാര്ക്കിനെ മുന്നിലെത്തിച്ചത്. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ഡോള്‍ബര്‍ഗ് സുന്ദരമായൊരു ഗോളിലൂടെ ലീഡ് രണ്ടായി ഉയര്‍ത്തി.
ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ കടവുമായി മടങ്ങിയ ചെക്ക് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു ഗോള്‍ മടക്കി. ചെക്കിന്റെ സ്കോറിംഗ് മെഷീന് പാ ട്രിക് ഷീക്ക് തന്നെ വല ചലിപ്പിച്ചു. ബോക്സിലേക്കുവന്ന ക്രോസിനെ ശക്തമായ ഷോട്ടിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. ഇതോടെ അഞ്ച് ഗോളുകളുമായി ടോപ് സ്കോറര്‍ സ്ഥാനത്ത് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്ഡോയ്ക്കൊപ്പമായി ഷീക്ക്.