ന്യൂഡല്‍ഹി: എവറസ്റ്റ് കൊടുമുടിയുടെ ഉയരം ഒരുമിച്ച് അളക്കാനുള്ള ഇന്ത്യയുടെ വാഗ്ദാനം നേപ്പാള്‍ തള്ളി. 2015ല്‍ തുടര്‍ച്ചയായുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് ഉയരം അളക്കാനുള്ള ആലോചന തുടങ്ങിയത്. ഇതിനായി ഇന്ത്യയോടും ചൈനയോടും നിര്‍ണായക വിവരം നല്കി സഹായിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. തുടന്ന് ഒന്നിച്ചു സര്‍വേ നടത്താമെന്ന് നേപ്പാളിനോട് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സ്വന്തം നിലക്ക് സര്‍വേ നടത്തുമെന്ന് നേപ്പാള്‍ വ്യക്തമാക്കി. ഇതിനു കാരണം ചൈനയാണന്നാണ് പറയുന്നത്. ഭൂകമ്പമാപിനിയില്‍ 7.8 രേഖപ്പെടുത്തിയ 2015ലെ ദുരന്തത്തില്‍ ഹിമാലയം മേഖലയില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. ഇതേതുടര്‍ന്ന് എവറസ്റ്റിന്റെ ഉയരം സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്കിടയില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. നേപ്പാള്‍ സ്വന്തം സര്‍വേയുമായി മുന്നോട്ടുപോകുമെന്ന് നേപ്പാള്‍ സര്‍വേ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഗണേഷ് ഭട്ട അറിയിച്ചു.