കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം സി.കെ. വിനീതിനെതിരെ വ്യാജ ഓഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ആരാധക സംഘമായ മഞ്ഞപ്പട ഖേദം പ്രകടിപ്പിച്ചു. കളിക്കാര്‍ക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്നും വ്യക്തിക്കു പറ്റിയ വീഴ്ചയുടെ പേരില്‍ ആരാധക സംഘത്തെ ഒന്നാകെ മോശമാക്കി ചിത്രീകരിക്കരുതെന്നും മഞ്ഞപ്പട പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ്- ചെന്നൈയിന് എഫ്സി മത്സരത്തിനിടെ വിനീത് ബോള്‍ ബോയിയോട് അപമര്യാദയായി പെരുമാറിയെന്നാണ് മഞ്ഞപ്പട ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം നടന്നിരുന്നില്ല. ഇതിനെതിരെ സി.കെ. വിനീത് പോലീസില്‍ പരാതിപ്പെട്ടു.
വിനീതിനെ കുറ്റപ്പെടുത്തിക്കൊണ്ടുളള ശബ്ദസന്ദേശം പുറത്തുപോയതു തങ്ങളുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ നിന്നാണെന്ന് മഞ്ഞപ്പട ഭാരവാഹികള്‍ പോലീസിനോടു സമ്മതിച്ചു. ഇതേതുടര്‍ന്ന്, ഒൗദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് വിശദീകരണക്കുറിപ്പ് ഇറക്കിയാല്‍ പ്രശ്നം അവസാനിപ്പിക്കാമെന്നും കേസിനു താത്പര്യമില്ലെന്നും വിനീത് പോലീസിനെയും മഞ്ഞപ്പടയെയും അറിയിച്ചു. ഇതോടെയാണ് മഞ്ഞപ്പട വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
വിനീതിനെതിരായി പറഞ്ഞ സംഭവങ്ങള്‍ക്ക് യാതൊരു തെളിവുമില്ലെന്നും അതുകൊണ്ടുതന്നെ ഈ സംഭവം ശരിയല്ല എന്നു കരുതേണ്ടി വരുമെന്നും മഞ്ഞപ്പട തങ്ങളുടെ ഒൗദ്യോഗിക കുറിപ്പില്‍ പറയുന്നു. പ്രശ്നത്തിന്റെ പേരില്‍ ആരാധകസംഘം പിരിച്ചുവിടില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.