കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (78) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അനാരോഗ്യം മൂലം ഒരു വർഷത്തോളമായി പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശിയായ അദ്ദേഹം എ.കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണം മന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പിന്റെ ചുമതല വഹിച്ചു. 2006 ജനുവരി 14 ന് രാജിവച്ചു.
കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്. 2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽ നിന്ന് പുറത്തായി.
27 വർഷം കൽപ്പറ്റ, ബത്തേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. എഐസിസി അംഗം, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്