ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ പി. എസ്. സി തീരുമാനം

46

തിരുവനന്തപുരം : ഒരേവിദ്യാഭ്യാസ യോഗ്യത വരുന്ന തസ്തികകളുടെ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ പി. എസ്. സി തീരുമാനിച്ചു. റാങ്ക് ലിസ്റ്റുകൾ വേഗം പ്രസിദ്ധീകരിക്കാനും അതാതു തസ്തികകളിൽ യോഗ്യരായവരെ തിരഞ്ഞെടു ക്കുന്നതിനും ഈ രീതി അഭികാമ്യമായതിനാലാണ് പരീക്ഷാരീതിയിൽ മാറ്റം വരുത്തുന്നത്. എസ്. എസ്. എൽ. സി, പ്‌ളസ് ടു, ബിരുദ യോഗ്യത ആവശ്യമായ തസ്തികകളിലാണ് ആദ്യ ഘട്ടത്തിൽ പൊതുപരീക്ഷകൾ നടത്തുന്നത്. ഇതിന്റെ മാർക്ക് അന്തിമ റാങ്ക്‌ലിസ്റ്റിന് പരിഗണിക്കില്ല. പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഓരോ തസ്തികയ്ക്കും പ്രത്യേകമായി രണ്ടാംഘട്ട പരീക്ഷ നടത്തും.

നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ചതും 2020 സെപ്റ്റംബർ വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലെയും പരീക്ഷാ നടപടികൾ ആരംഭിച്ചിട്ടില്ലാത്ത തസ്തികകളെ ക്രോഡീകരിച്ചാണ് പ്രാഥമിക പൊതുപരീക്ഷ നടത്തുക. സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകൾക്കും മെഡിക്കൽ, എൻജിനിയറിങ്്, ഡ്രൈവിംഗ്, അധ്യാപക തസ്തികകൾക്കും പൊതുപ്രാഥമിക പരീക്ഷ ഉണ്ടാവില്ല. പ്രാഥമിക പരീക്ഷകളുടെ സിലബസ് തയ്യാറാക്കിയിട്ടുണ്ട്.
കെ. എ. എസ് 2020 പ്രിലിമിനറി പരീക്ഷയുടെ ഫലം ആഗസ്റ്റ് 26ന് പ്രസിദ്ധീകരിക്കാനും പി. എസ്. സി തീരുമാനിച്ചു.

പി. എസ്. സി അഴിമതിരഹിതവും സ്വജനപക്ഷപാതരഹിതമായും തിരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കി വരുന്നത് കൃത്യമായ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായാണ്. വിവിധ സംവരണ വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ നിയമാനുസൃതം പി. എസ്. സി പ്രവർത്തിക്കുന്നു. പി. എസ്. സിയെ അപകീർത്തിപ്പെടുത്തുന്ന വിവരങ്ങളും വ്യാജവാർത്തകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദ്യോഗാർത്ഥികളും ചട്ടവിരുദ്ധമായി ഇത്തരം പ്രചരണങ്ങളുടെ ഭാഗമാകുന്നു.

സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെയും തെറ്റായ വാർത്തകൾ നൽകുന്നവർ ക്കെതിരെയും നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പി. എസ്. സി അറിയിച്ചു. പി. എസ്. സിയിൽ ജോലി ലഭിക്കാനെന്ന പേരിൽ നിയമവിരുദ്ധമായി കമ്മീഷന്റെ പേര് ഒരു കരാറിൽ ഉൾക്കൊള്ളിച്ച സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

NO COMMENTS