ഉത്തര്‍പ്രദേശില്‍ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടതിന് പത്രത്തിനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

252

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ട ഹിന്ദി ദിനപത്രം ദൈനിക് ജാഗരണിനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതിനാണ് നടപടി. ശനിയാഴ്ച്ച പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളിലായി നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലമാണ് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ പുറത്തുവിട്ടത്. വോട്ട് ചെയ്ത 5700 പേരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ദൈനിക് ജാഗരണിന്റെ സര്‍വ്വെ ഫലം. 38 മണ്ഡലങ്ങളിലായി പത്രം നടത്തിയ സര്‍വ്വെ ഫലം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്ര മാനേജ്മെന്‍റിനെതിരെ കേസെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റഎ നിര്‍ദ്ദേശം. ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 15 ജില്ലകളിലേയും കളക്ടര്‍മാര്‍ക്കാണ് തെരഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നിയമലംഘനം നടന്നുവെന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദൈനിക് ജാഗരണിന്റെ എഡിറ്റര്‍ക്കും എം.ഡിക്കും എതിരെയാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 126ാം വകുപ്പ് ലംഘിച്ചതിനാണ് നടപടി.

NO COMMENTS

LEAVE A REPLY