ലണ്ടന്‍ • യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ചൊവ്വയിലേക്ക് അയച്ച പര്യവേക്ഷണ പേടകം – എക്സോമാര്‍സ് ഷിയപെരേലി – ഉപരിതലത്തില്‍ വീണു പൊട്ടിത്തെറിച്ചു. പേടകം പൊട്ടിത്തെറിച്ചുണ്ടായ ഗര്‍ത്തം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പുറത്തുവിട്ടു. ഷിയപെരേലിയെ വഹിച്ചുകൊണ്ടു മാതൃപേടകമായ എക്സോമാര്‍സ് ട്രെയ്സ് ഗ്യാസ് ഓര്‍ബിറ്റര്‍ ഈ വര്‍ഷം മാര്‍ച്ച് 14നാണ് വിക്ഷേപിച്ചത്. ചൊവ്വയുടെ ആകാശത്തു കഴിഞ്ഞ 19ന് ഈ ബഹിരാകാശ വാഹനം എത്തി. തുടര്‍ന്ന് 21ന് ഇതില്‍നിന്നു വേര്‍പെട്ട് ഉപരിതലത്തിലേക്ക് ഇറങ്ങുകയായിരുന്നു പേടകമായ ഷിയപെരേലി.
എന്നാല്‍, ആറു മിനിറ്റ് കഴിഞ്ഞതോടെ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മാതൃപേടകമായ ട്രെയ്സ് ഗ്യാസ് ഓര്‍ബിറ്റര്‍ തുടര്‍ന്നു നടന്ന കാര്യങ്ങള്‍ റിക്കോര്‍ഡ് ചെയ്തിരുന്നു. ഉപരിതലത്തില്‍നിന്നു നാലു കിലോമീറ്റര്‍ മുകളില്‍വച്ചു നിയന്ത്രണം നഷ്ടപ്പെട്ടു വീണു പൊട്ടിത്തെറിച്ചതായാണു നാസയുടെ നിഗമനം. പേടകം ഇറങ്ങേണ്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കറുത്ത പാട് നാസയുടെ ചൊവ്വ നിരീക്ഷണ ഉപഗ്രഹത്തിന്റെ ക്യാമറയില്‍ പതിഞ്ഞു. ഈ കറുത്ത പാട് പൊട്ടിത്തെറിച്ചതുമൂലമുണ്ടായ ഗര്‍ത്തമാണെന്നാണു നാസ വ്യക്തമാക്കുന്നത്.