തൃശൂർ : മലയാളികൾ കാർഷികവൃത്തി വിപുലമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. ജൈവ മാലിന്യം വലിച്ചെറിയാതെ വീടുകളിലും സ്ഥാപനങ്ങളിലും തന്നെ സംസ്‌ക്കരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം. കാർഷികവൃത്തി വിപുലമാക്കി മാത്രമേ ഇത് സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ നഗരസഭ മുഴുവൻ വീടുകളിൽനിന്നും അജൈവ ഖരമാലിന്യശേഖരണത്തിന് രൂപീകരിച്ചിട്ടുള്ള ഹരിത കർമ്മ സേനയുടെ ഉദ്ഘാടനവും തിരിച്ചറിയൽ കാർഡ് വിതരണവും നഗരസഭ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂസർ ഫീ നൽകുന്ന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും എല്ലാ മാസവും അജൈവ മാലിന്യങ്ങൾ ശേഖരിക്കുവാൻ കൊടുങ്ങല്ലൂരിൽ ഇനി മുതൽ ഹരിത കർമ്മ സേനാംഗങ്ങൾ എത്തിച്ചേരും. ഇതിനായി 82 പേരടങ്ങുന്ന ഹരിത കർമ്മ സേനയാണ് നഗരസഭയിൽ പരിശീലനം പൂർത്തിയായി സജ്ജമായിട്ടുള്ളത്. ഇവർ ശേഖരിക്കുന്ന പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, തുകൽ, ഇലക്ട്രോണിക് തുടങ്ങിയ ഖരവസ്തുക്കൾ നഗരസഭയുടെ സംസ്‌ക്കരണ കേന്ദ്രത്തിൽ സംസ്‌ക്കരിക്കും. ഇതു വഴി നഗരത്തെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.
വി.ആർ സുനിൽകുമാർ എംഎൽഎ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ കെ. ആർ. ജൈത്രൻ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, കൗൺസിലർമാരായ കെ എസ് കൈസാബ്, ശോഭ ജോഷി, പി എൻ രാമദാസ്, സി കെ രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, വി.ജി .ഉണ്ണികൃഷ്ണൻ, സെക്രട്ടറി ടി.കെ.സുജിത്, കെ.വി.ഗോപാലകൃഷ്ണൻ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.