സാങ്കേതിക പദാവലി വിപുലീകരിക്കുന്നു.

123

തിരുവനന്തപുരം : പി.എസ്.സി പരീക്ഷകൾ മലയാള മാധ്യമത്തിൽ കൂടി നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടിയോട് നിർദ്ദേശിച്ചു. സർക്കാരിന്റെ ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്ന എല്ലാ വിജ്ഞാനശാഖകളിലും സാങ്കേതിക പദാവലി വികസിപ്പിക്കുന്ന പ്രവർത്തനം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി എസ്.സി.ഇ.ആർ.ടി ഏറ്റെടുത്തിരുന്നു.

എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഉൾപ്പെടെ ഹയർ സെക്കൻഡറിയിലെ എല്ലാ പാഠപുസ്തകങ്ങളുടെയും പരിഭാഷ എസ്.സി.ഇ.ആർ.ടി. തയാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫിലോസഫി എന്നീ വിഷയങ്ങളിലെ സാങ്കേതിക പദങ്ങൾക്ക് മലയാളത്തിൽ സമാന പദങ്ങൾ വികസിപ്പിക്കുകയുണ്ടായി. കൂടാതെ ഇസ്ലാമിക് ഹിസ്റ്ററി, ഇലക്ട്രോണിക്‌സ്, ജിയോളജി, ഗാന്ധിയൻ സ്റ്റഡീസ്, ജേർണലിസം, ഹോം സയൻസ്, സോഷ്യൽ വർക്ക്, സൈക്കോളജി എന്നീ വിഷയങ്ങളുടെ സാങ്കേതിക പദാവലിയും എസ്.സി.ഇ.ആർ.ടി തയാറാക്കി വരുന്നു. കൂടുതൽ സംവേദനക്ഷമവും സമഗ്രവുമായ പദാവലികളാണ് വികസിപ്പിച്ചുവരുന്നത്. തയാറാക്കുന്ന സാങ്കേതിക പദാവലി പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് മെച്ചപ്പെടുത്തുന്നതിനാണ് എസ്.സി.ഇ.ആർ.ടിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ബിരുദതലത്തിലുള്ള ഉദ്യോഗങ്ങൾ ഉൾപ്പെടെ എല്ലാ ഉദ്യോഗങ്ങൾക്കുമുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മലയാളത്തിൽകൂടി നൽകുന്നതിലൂടെ വൈജ്ഞാനികരംഗത്ത് ഭാഷയ്ക്ക് കൂടുതൽ സ്ഥാനം കൈവരും. ഈ പ്രക്രിയ സുഗമമാക്കാൻ എസ്.സി.ഇ.ആർ.ടി തയാറാക്കുന്ന സാങ്കേതിക പദാവലി സഹായകമാകുമെന്നാണ് പ്രതീക്ഷ. സാങ്കേതികപദങ്ങൾ പരിഭാഷപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സങ്കീർണതയും ലിപിമാറ്റി ഇംഗ്ലീഷ് പദങ്ങൾ എഴുതുന്നതിലെ അഭംഗിയും പരിഹരിക്കുന്ന വിധത്തിലുള്ള പദാവലിക്കാണ് രൂപം നൽകുന്നത്.

NO COMMENTS