പ്രവാസികൾക്ക് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാനുളള സൗകര്യം പരിഗണനയിൽ

29

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടു ചെയ്യാനുളള സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുന്നത് സജീവപരിഗണനയിലാണെന്നും പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമായ പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ അറിയിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി നല്‍കിയ ഡോ ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിഷന്റെ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വര്‍ഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളില്‍ പ്രവാസി പോസ്റ്റല്‍ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ ഷംഷീര്‍ വയലില്‍ പറഞ്ഞു.കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ ഹാരിസ് ബീരാനും തിരഞ്ഞെടുപ്പ് കമ്മിഷനുമായുളള കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. 18,22,173 ഫിലിപ്പീന്‍സ് സ്വദേശികളാണ് യു എ ഇയില്‍ നിന്ന് അവരുടെ രാജ്യത്ത് വോട്ട് ചെയ്യാനായി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഷംഷീര്‍ സര്‍ക്കാരിനെയും കമ്മിഷനെയും സമീപിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തില്‍നിന്ന് ഒഴിവാക്കാന്‍ പറയുന്ന വാദങ്ങള്‍ വസ്‌തുതാപരമായി ശരിയല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായുളള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.നാട്ടില്‍ പോകാതെ തന്നെ വോട്ട് ചെയ്യാനുളള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ അനുമതിയുള്ളതിനാല്‍ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിട്ടുളള ആശങ്കയില്‍ അടിസ്ഥാനമില്ലെന്നാണ് ഷംഷീര്‍ പറയുന്നത്.

NO COMMENTS