തിരുവനന്തപുരം : ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിൽ കേരളത്തിന്റെ മാലിന്യ സംസ്കരണ മാതൃകകളെ അഭിനന്ദിച്ച് വിദഗ്ധർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ വിലയിരുത്തുകയും പദ്ധതികൾ മികച്ചതാക്കാനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും വിദഗ്ധരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയുമുണ്ടായി.
യുഎൻഡിപി വിവിധ മാലിന്യ നിർമാർജ്ജന പരിപാടികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഹരിത കേരള മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഐക്യ രാഷ്ട്ര വികസന പദ്ധതിയുടെ പ്രോജക്ട് ഓഫീസർ അരുൺ രാമചന്ദ്രൻ പറഞ്ഞു. ഇത്തരം സംഗമങ്ങൾ വഴി മാലിന്യ നിർമ്മാർജ്ജനത്തിലെ കേരളത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മുഴുവൻ അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കേരള മാതൃക ദേശീയ തലത്തിൽ നടപ്പാക്കാൻ കഴിയുമെന്ന് നാഗ്പൂരിലെ ദേശീയ പരിസ്ഥിതി എഞ്ചിനിയറിങ് ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ ഡോ. രാജേഷ് ബിനിവാലെ പറഞ്ഞു. ശുചിത്വ സംഗമം പോലെയുള്ള പരിപാടികൾ എല്ലാവരും ഒത്തുചേരുന്നതിലൂടെയും അനുഭവങ്ങൾ ചർച്ച ചെയ്യുന്നതിലൂടെയും കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്യുന്നത്. ഇത് വളരെ സ്വാഗതാർഹമാണെന്നും ഡോ. രാജേഷ് കൂട്ടിച്ചേർത്തു.
മാലിന്യ സംസ്കരണത്തിൽ രാജ്യത്തിന് മാതൃകയാകാൻ കേരളം ശ്രമിക്കുന്നുണ്ടെന്ന് മുൻ പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന സെക്രട്ടറി ഹേം പാണ്ഡെ പറഞ്ഞു.
മാലിന്യ സംസ്കരണത്തിൽ കേരളം നടത്തിയ ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം ആലപ്പുഴ മോഡൽ രാജ്യത്തുടനീളം അറിയപ്പെടുന്നതാണെന്നും പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ടുകൾ വിനിയോഗിക്കുന്നതിന് കൂടുതൽ സ്വതന്ത്ര്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാലിന്യ സംസ്കരണത്തിൽ കേരളത്തിന്റെ കാര്യക്ഷമത രാജ്യത്തിന് മുഴുവൻ മാതൃകയാണെന്ന് ന്യൂഡൽഹിയിലെ സെന്റർ ഓഫ് സയൻസ് ആന്റ് എൻവയോൺമെന്റ് പ്രോജക്ട് മാനേജർ സ്വാതി സിംഗ് സാംബയൽ പറഞ്ഞു. സമീപ ഭാവിയിൽ പുനരുപയോഗമേഖലയിൽ നിക്ഷേപം നടത്താൻ ധാരാളം ഏജൻസികൾ എത്തുമെന്ന് കരുതുന്നു. സംഗമത്തിലെ അവതരണങ്ങളിലൂടെ ധാരാളം കാര്യങ്ങൾ തങ്ങൾക്ക് പഠിക്കാൻ കഴിഞ്ഞെന്ന് അവർ പറഞ്ഞു. കേരളത്തിന് പുറത്ത് നിന്നുളള മാലിന്യ സംസ്കരണ വിദഗ്ധരായ ഇരുപത്തിരണ്ടോളം പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുത്തത്.