ജിപ്സം വില്‍പന : ഫാക്ടിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

239

കൊച്ചി: ജിപ്സം വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ ഫാക്‌ട് ചീഫ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ഐ.എസ്. അംബിക, ചീഫ് ഫിനാന്‍സ് ജനറല്‍ മാനേജര്‍ ശ്രീകാന്ത് വി. കമ്മത്ത്, മാര്‍ക്കറ്റിങ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പഞ്ചന്‍ കൊടക്കര്‍, സ്പെഷല്‍ പ്രോഡക്‌ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡാനിയല്‍ മധുക്കര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കു പകരം മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ എം.നന്ദകുമാര്‍, ഫിനാന്‍സ് ജനറല്‍ മാനേജര്‍ ജോര്‍ജ് സതീഷ്, കന്പനി സെക്രട്ടറി എന്നിവര്‍ക്ക് അധിക ചുമതല നല്‍കി. പകരം മാനേജര്‍മാര്‍ വരുന്നതുവരെയായിരിക്കും ഇവര്‍ക്കു ചുമതല. ഇതേ കേസുമായി ബന്ധപ്പെട്ട് സി.എം.ഡി സ്ഥാനത്തുനിന്നു ജയ്വീര്‍ ശ്രീവാസ്തവയെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. വിപണിവിലയിലും കുറച്ച്‌ ജിപ്സം വില്‍ക്കാനുണ്ടാക്കിയ കരാര്‍വഴി വന്‍നഷ്ടം സംഭവിച്ചെന്ന കേസില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ 100 കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. 2009-10 കാലഘട്ടത്തില്‍ 772 രൂപ ടണ്ണിന് വിലയുണ്ടായിരുന്ന ജിപ്സത്തിനു 2016ലെ വില 130 രൂപയായി താഴ്ത്തി സ്വകാര്യ കന്പനികള്‍ക്കു നല്‍കിയതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജിപ്സം വില്‍പനയ്ക്കായി 2015ല്‍ മുംബൈ ആസ്ഥാനമായ എന്‍.എസ്.എസ്. ട്രേഡ് (ഇന്ത്യ)പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവുമായാണ് ഫാക്‌ട് കരാര്‍ ഒപ്പിട്ടത്. ടണ്ണിന് 130 രൂപ വിലയില്‍ 40 ലക്ഷം ടണ്‍ ജിപ്സം നല്‍കാന്‍ മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇതനുസരിച്ച്‌ അഞ്ചു കോടിയോളം രൂപ വില വരുന്ന 1,75,000 ടണ്‍ ജിപ്സം നല്‍കി. പരാതി ഉയര്‍ന്നതോടെ കരാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മുന്‍പ് ടണ്ണിന് 300 മുതല്‍ 400 രൂപ വരെ ജിപ്സത്തിനു ലഭിച്ചിരുന്നു. സിെമന്‍റ് കമ്പനികള്‍ക്കു നേരിട്ട് ഫാക്‌ട് വില്‍പന നടത്തിയിരുന്നത് ഈ വിലയിലായിരുന്നു. ഫാക്ടിലെ ഉല്‍പന്നമായ ജിപ്സം വില്‍പന നടത്തുന്നതില്‍ ക്രമക്കേട് നടത്തി കമ്പനിക്കു കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ചെന്ന് ഫാക്ടിലെ വിജിലന്‍സ് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ഇടപാടു സംബന്ധിച്ച്‌ കേന്ദ്ര രാസവളം മന്ത്രാലയത്തിന് വിജിലന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം നടത്തിയത്. സിമെന്‍റ് നിര്‍മാണത്തിനു മാത്രമേ ജിപ്സം വില്‍പന നടത്താന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിച്ച്‌ മണ്ണില്‍ ചേര്‍ക്കുന്നതിനാണ് എന്‍.എസ്.എസ് കന്പനി ജിപ്സം ഉപയോഗിച്ചതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY