ഫേസ്ബുക്ക് വഴി ഉപയോക്താക്കളുടെ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയ സുരക്ഷാസംവിധാനവുമായി ഫേസ്ബുക്. ഇതിനായി ഉപയോക്താക്കളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയാണ് ഫേസ്ബുക്. തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുമെന്ന് ഭയമുള്ളവര്‍ക്ക് അവരുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിന് കൈമാറാം. തുടര്‍ന്ന് ഫേസ്ബുക്, മെസ്സഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ സമാനരീതിയിലുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും തടയാനുളള മാര്‍ഗങ്ങള്‍ ഫേസ്ബുക് സജ്ജമാക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ ഓസ്ട്രേലിയ, കാനഡ, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ സംവിധാനം നടപ്പാക്കുക. ഫേസ്ബുക് സേഫ്റ്റി അതോറിറ്റിക്ക് പുറമെ അഭിഭാഷകര്‍, ഇത്തരം സംഭവങ്ങളെ അതിജീവിച്ചവര്‍, ഓസ്‌ട്രേലിയന്‍ സേഫ്റ്റി കമ്മീഷണര്‍, സൈബര്‍ സിവില്‍ റൈറ്റ് ഇനിശ്യേറ്റിവ്, അമേരിക്കയിലെ നാഷണല്‍ നെറ്റ്‌വര്‍ക്ക് ടു എന്‍ഡ് ഡൊമസ്റ്റിക് വയലെന്സ്, ബ്രിട്ടനിലെ റിവഞ്ച് പോണ്‍ ഹെല്പ്ലൈന്‍, കാനഡയിലെ വൈ.ഡബ്ലിയു.സി.എ എന്നീ സംഘടനകളുമായി ചേര്‍ന്നാണ് ഫേസ്ബുക് ഈ സംവിധാനം ഒരുക്കുന്നത്.
ഈ സേവനം ആവശ്യമുളള ഉപയോക്താക്കള്‍ ഇതില്‍ ഏതെങ്കിലും സംഘടനയുമായി ബന്ധപെട്ടു അപേക്ഷഫോം സമര്‍പ്പിക്കണം. തുടര്‍ന്ന് തങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഒരു ഒണ്‍ടൈം സെക്യൂരിറ്റി ലിങ്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇത് വഴി തങ്ങളുടെ ചിത്രങ്ങള്‍ അവര്‍ക്ക് അപ്‌ലോഡ് ചെയ്യാം. ഇത് സെര്‍വറുകളില്‍ സേവ് ചെയ്യപ്പെടില്ല. ഫിംഗര്‍പ്രിന്റ്, ഹാഷ്ഡാറ്റ എന്നീ രൂപങ്ങളിലാകും ഇത് സൂക്ഷിക്കുക. ഇത് ഉപയോഗിച്ച് സമാനരീതിയിലുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയും. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഇമെയില്‍ വഴിയാകും ഉപയോക്താക്കളെ അറിയിക്കുക.