ദീന്‍ദയാല്‍ ഉപാധ്യായയെ വിമര്‍ശിച്ചു ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിന് ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടി

265

റായ്പുര്‍ (ഛത്തീസ്ഗഡ്) • ജനസംഘം അധ്യക്ഷനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയെ വിമര്‍ശിച്ചു ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിന് ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടി. അച്ചടക്കലംഘനം ഉള്‍പ്പെടെയുള്ള നടപടിദൂഷ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥരെ ഉപദേശിക്കാന്‍ സംസ്ഥാനത്ത് ഐഎഎസ് അസോസിയേഷന്‍ സമിതി രൂപീകരിച്ചു. കാന്‍കേര്‍ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ (ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു സമാനം) ആയിരുന്ന ശിവ് ആനന്ദ് തയാലാണു ഫെയ്സ്ബുക് പോസ്റ്റിന്റെ പേരില്‍ നടപടി നേരിട്ടത്.ഇദ്ദേഹത്തെ സെക്രട്ടേറിയറ്റില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ തസ്തികയിലേക്കു മാറ്റി. ഫെയ്സ്ബുക് പോസ്റ്റിനെക്കുറിച്ചു തയാല്‍ നല്‍കിയ മറുപടി പൂര്‍ണമായും തൃപ്തികരമല്ലെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പു ബല്‍റാംപുര്‍ ജില്ലാ കലക്ടര്‍ അലക്സ് പോള്‍ മേനോനും ഫെയ്സ്ബുക് പോസ്റ്റിന്റെ പേരില്‍ നടപടി നേരിട്ടിരുന്നു. തമിഴ്നാട് സ്വദേശിയായ അലക്സ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഐടി സ്ഥാപനമായ ചിപ്സിന്റെ മേധാവിയാണ്.
രാജ്യത്തു വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരില്‍ 94 ശതമാനവും പട്ടിക, പിന്നാക്ക വിഭാഗങ്ങളില്‍നിന്നാണെന്ന ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്റെ പരമാര്‍ശം ഉദ്ധരിച്ച്‌, ജുഡീഷ്യറിക്കു പക്ഷപാതമോ എന്ന ചോദ്യമുന്നയിച്ച ഫെയ്സ്ബുക് പോസ്റ്റാണ് അലക്സിനു പ്രശ്നമായത്. എന്നാല്‍, അഭിപ്രായസ്വാതന്ത്ര്യത്തിനു ഭരണഘടനാപരമായ പരിധികളുണ്ടെന്നും സിവില്‍ സര്‍വീസ്, മിലിട്ടറി, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിനു പുറമേ പ്രത്യേക പെരുമാറ്റച്ചട്ടങ്ങള്‍ ബാധകമാണെന്നും സംസ്ഥാന ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റും മുഖ്യമന്ത്രിയുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ എന്‍.ബൈജേന്ദ്രകുമാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY