തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍, വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാല്‍, ആന്റി ഫേക് ന്യൂസ് ഡിവിഷന് കേരളയുടെ 9496003234 എന്ന വാട്സ്ആപ്പ് namabaറിലേക്കോ, @afdkerala എന്ന ട്വിറ്റര്‍ അക്കൗണ്ടിലേക്കോ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ പരമാവധി വിവരങ്ങള്‍ അടങ്ങുന്ന സ്ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കാം.
ആദ്യ ലോക്ഡൗണ്‍ കാലയളവിനുശേഷം എസ്എസ്എല്‍സി, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത ദിവസം തന്നെ പരീക്ഷയുണ്ടാവുമെന്നുള്ള വ്യാജ വാര്‍ത്ത ആന്റി ഫേക് ന്യൂസ് ഡിവിഷന് കേരളയുടെ ഒൗദ്യോഗിക ഫേസ്ബുക് പേജില്‍ വ്യാജമാണെന്ന് രേഖപ്പെടുത്തി റിലീസ് ചെയ്തതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി സന്ദേശം നല്കിയ വ്യക്തി ക്ഷമാപണം നടത്തി വീഡിയോയും റിലീസ് ചെയ്തിരുന്നു.
കോവിഡ് സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ ഏപ്രില്‍ ആറിനാണ് പ്രത്യേക വിഭാഗം രൂപീകരിച്ചത്. ഡിവിഷന്റെ ഫേസ്ബുക് പേജ് സന്ദര്‍ശിച്ചാല്‍ അതില്‍ വ്യാജവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമായി കണ്ടുപിടിക്കപ്പെട്ട വാര്‍ത്തകളുടെ വിവരങ്ങള്‍ ലഭിക്കും.