തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും പ്രതിയാക്കാന്‍ കള്ളത്തെളിവു ണ്ടാക്കിയെന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ കമീഷന്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ആദ്യപടിയായി കമീഷന്‍ റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ഇതിന് അടുത്ത ദിവസം നോട്ടീസ് പുറപ്പെടുവിക്കും. കമീഷന് ഓഫീസും മറ്റു സൗകര്യങ്ങളും അടുത്ത ദിവസംതന്നെ ലഭിക്കും.
ആവശ്യത്തിനു ജീവനക്കാരെയും അനുവദിക്കും. അതോടെ സിറ്റിങ് അടക്കമുള്ളവയിലേക്ക് കമീഷന്‍ കടക്കും. ചുമതലയേറ്റതായി റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചത്. മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി പറയാന്‍ സമ്മര്‍ദമുള്ളതായി ഇവര്‍ പറഞ്ഞിരുന്നു. സ്വപ്നയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. സന്ദീപ് ജയിലില്‍നിന്ന് മജിസ്ട്രേട്ടിന് അയച്ച കത്തിലും ഇക്കാര്യം പറഞ്ഞു.
ജുഡീഷ്യല്‍ കമീഷന്റെ പ്രാഥമിക നടപടിയാണ് പൊതുജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. അഭിഭാഷക രുടെ സഹായത്തോടെയും അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താം. തുടര്‍ന്നാകും കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യംചെയ്യലുള്‍പ്പെടെ ഉണ്ടാകുക. കോവിഡ് പശ്ചാത്തലത്തില്‍ ഇതെങ്ങനെ വേണമെന്ന് കമീഷന്‍ അടുത്തദിവസം തീരുമാനിക്കും.