പ്രമുഖ നടന്‍ സത്താര്‍ അന്തരിച്ചു.

403

ആലുവ: എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന പ്രമുഖ നടന്‍ സത്താര്‍ അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ പുലര്‍ച്ചെയായിരുന്നു അന്ത്യം. 3 മാസത്തോളമായി കരള്‍ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകള്‍.അദ്ദേഹത്തിന് 67 വയസായിരുന്നു.

1975ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്. 1976ല്‍ വിന്‍സന്റ് സംവിധാനം ചെയ്ത് അനാവരണം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. പിന്നീട് സ്വാഭാവ നടനായും വില്ലന്‍ വേഷങ്ങളിലും സത്താര്‍ തിളങ്ങി.

തമിഴ്, തെലുങ്ക് ഭാഷകളിലും സത്താര്‍ അഭിനയിച്ചിട്ടുണ്ട്. ബാബു ആന്‍റണി പ്രധാന വേഷത്തില്‍ എത്തിയ കമ്ബോളം അടക്കം മൂന്നോളം ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിക്കുകയും ചെയ്തു. ഏറെ നാളായി അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന സത്താര്‍ 2012ല്‍ 22 ഫീമെയില്‍ കോട്ടയം, 2013ല്‍ നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ ചിത്രങ്ങളിവ്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 2014ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ.

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് പ്രമുഖ നടി ജയഭാരതിയെ സത്താര്‍ വിവാഹം കഴിക്കുന്നത്. 1979ലായിരുന്നു വിവാഹം. ഇരുവരുടെയും മകനാണ് ചലച്ചിത്ര നടന്‍ കൂടിയായി കൃഷ് ജെ സത്താര്‍. ജയഭാരതിയും സത്താറും പിന്നീട് വേര്‍പിരിയുകയായിരുന്നു.

NO COMMENTS