വിടപറയുന്ന റമദാൻ ഓർമ്മപ്പെടുത്തുന്നത്‌

234

റമദാൻ വിടപറയുന്നു. ഒരു മാസം നീണ്ടു നിന്ന പവിത്രമായ ദിനരാത്രങ്ങൾക്ക് പരിസമാപ്തി കുറിക്കുന്നു . അവർണ്ണനീയമായ ആത്മീയ അനുഭൂതികൾക്ക് താല്ക്കാലിക വിരാമമിടുന്നു. പകൽ സമയം നോമ്പും രാത്രി തറാവീഹു് നമസ്ക്കാരവുമായി കഴിഞ്ഞു കൂടിയ വിശ്വാസികൾ ഇനി പഴയ ജീവിതത്തിലേക്ക്.

പരിശുദ്ധ ഖുറാൻ വ്യക്തമാക്കുന്ന ” തഖ്‌വ “( ഉറച്ച വിശ്വാസം ) മലോകർക്ക് ഉണ്ടായിതീരാൻ വേണ്ടിയാണ് റമദാനിൽ നോമ്പ് നിർബന്ധമാക്കപെട്ടത്. അല്ലാഹുവിന്റെ വിധി വിലക്കുകൾക്കു വിരുദ്ധമായി ജീവിതത്തിൽ സംഭവിക്കാനിരി ക്കുന്ന അല്ലാഹുവിൻറെ കോപത്തെയും ,ശിക്ഷയും പറ്റിയുള്ള ഭയം ഹൃദയത്തിൽ കാത്തു സൂക്ഷിക്കുന്നതിന്റെ പേരാണ് ” തഖ്‌വ “. അത്തരത്തിൽ തഖ്‌വ ഉള്ളവർ മന:പൂർവ്വം തെറ്റുകൾ ചെയ്യാൻ മുതിരില്ല. ചില ദുർബല നിമിഷങ്ങളിൽ എന്തെങ്കിലും തിന്മകൾ പ്രവർത്തിച്ചുപോയാൽ തന്നെ ഉടനെ പശ്ചാത്ത പിച്ചു മടങ്ങും.

തഖ്‌വ ഉള്ളവർ തിന്മകളിൽ ഉറച്ചു നില്ക്കുകയില്ല. അക്രമം ചെയ്യുവാൻ ധൈര്യപ്പെടുകയില്ല. പ്രപഞ്ച നാഥനായ
അല്ലാഹു വിൻറെ വിധി വിലക്കുകളെ ധിക്കരിക്കുകയില്ല. കഠിനമായ വിശപ്പും ദാഹവും അനുഭവപ്പെടുന്ന സമയത്ത് രുചികരമായ ഭക്ഷണപാനീയങ്ങൾ യഥേഷ്ടം മുന്നിൽ ഉണ്ടായിരുന്നിട്ടും, അതിനെ ഉപേക്ഷിച്ചു നോമ്പ് അനുഷ്ട്ടിച്ച കഴിയുന്ന ഒരു വിശ്വാസിക്ക്, അള്ളാഹു നിക്ഷിദ്ധമാക്കിയ ഭക്ഷണങ്ങൾ കഴിക്കാനോ, ഭക്ഷണം ലഭിക്കുന്നതിനുവേണ്ടി തെറ്റായ വഴിയിൽകൂടി പണം സമ്പാദിക്കാനോ മദ്യപാനം നടത്താനോ എങ്ങിനെയാണ് സാധിക്കുക .

തന്റെ ഭാര്യയുമായി തനിച്ചു കഴിയുന്ന സന്ദർഭങ്ങളിൽ പോലും തൻറെ വികാരങ്ങളെ നിയന്ത്രി ച്ചു കൊണ്ട് അവളിൽ നിന്നും അകന്നു നിൽക്കാനും നോമ്പനുഷ്ഠിക്കുന്നവന് സാധിക്കുമെങ്കിൽ അവൻ എങ്ങനെയാണ് അന്യസ്ത്രീകളുമായി തെറ്റായ ബന്ധങ്ങൾ സ്ഥാപിക്കുവാൻ കഴിയുക

അതുകൊണ്ട് തന്നിഷ്ടങ്ങളിലേക്ക് തിരിച്ചു പോകരുതെന്നും . നാം നമ്മുടെ ദേഹേച്ഛകളുടെ അടിമകളായി മാറരുതെന്നും ജീവിതത്തിലൊ രിക്കലും കൃത്യനിഷ്ഠയോടുള്ള പ്രാർത്ഥനകളിൽ നിന്ന് അകന്നു പോകരുതെന്നും നമ്മുടെ നാവു കൊണ്ട് ദുഷിച്ച വർത്തമാനങ്ങൾ പറഞ്ഞു പോകരുതെന്നും ചെവി കൊണ്ട് അത്തരം കാര്യങ്ങൾ കേൾക്കരുതെന്നും വിശുദ്ധ റമദാൻ ഓർമ്മ പ്പെടുത്തുന്നു . വിശുദ്ധ റമദാനിലൂടെ സമാഹരിച്ചെടുത്ത ഊർജ്ജം, അടുത്ത റമദാൻ വരെയുള്ള പതിനൊന്നു മാസങ്ങളിൽ തഖ്‌വ യുടെ ജീവിതം നയിക്കാൻ വേണ്ടിയുള്ളതാകുന്നു.

നമ്മുടെ നാട് കൊറോണ വൈറസിന്റെ പിടിയിലാണ്. കോവിഡ് രണ്ടാം വരവിൽ രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രം 43,000 ത്തിന് മുകളിൽ കോവിഡ് കേസുകളാണ് കഴിഞ്ഞ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത്. 95 മരണങ്ങളും.മരണപ്പെട്ടവരുടെ മൃതശരീരം മക്കൾക്ക് പോലും കാണാൻ കഴിയാത്ത കാലം.ചിലർക്ക് ചിലരുടെ വേർപാട് തീരാനഷ്ടമായി തീരുന്നു.

ദുരന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരി ക്കുന്ന കാലമാണിതെങ്കിൽ പോലും ആ വേദനയും കടിച്ചമർത്തികൊണ്ട് നോമ്പ്നോറ്റവരായ വിശ്വാസികൾ കൂടുതലും പ്രാർത്ഥിച്ചത് ഈ മഹാമാരി ഈ ലോകത്തു നിന്നും എന്നന്നേയ്ക്കുമായി ഒഴിഞ്ഞു പോകണമേയെന്നായിരിക്കാം

ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടിന പ്പുറത്ത് മനുഷ്യനും, മനുഷ്യത്വവുമാണ് ലോകത്ത് ഏറ്റവും ശ്രേഷ്ഠ മായതെന്നും. വേദനിക്കുന്ന ഹൃദയവുമായി ലോകം പൊട്ടി കരയുമ്പോൾ മാനവരാശിക്ക് സമാധാനം നൽക്കുന്നതാകണം നോമ്പ് നോറ്റവർ പാലിക്കപ്പെടേണ്ടതെന്ന് വിടപറയുന്ന റമദാൻ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു.

അകലം പാലിച്ചും നാടിൻറെ നിയമങ്ങൾ അനുസരിച്ചും ഈ മഹാമാരിയെ ഒന്നിച്ചു നേരിടാം ഒരു മനസോടെ . എല്ലാപേർക്കും നെറ്റ് മലയാളം ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ – ആഘോഷങ്ങളില്ല ആശംസകൾ മാത്രം –

NO COMMENTS