ഓണത്തിന് 3,000 സുരക്ഷിത പച്ചക്കറി വിപണനകേന്ദ്രങ്ങള്‍

274

തിരുവനന്തപുരം: ഓണക്കാലത്തു ഫാം ഫ്രഷ് കേരള വെജിറ്റബിള്‍സ് എന്ന പേരില്‍ കൃഷിവകുപ്പ് 3,000 സുരക്ഷിത പച്ചക്കറി വിപണനകേന്ദ്രങ്ങള്‍ തുറക്കും. വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണിത്. സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കൃഷിവകുപ്പിന്‍റെ 1,350 ഔദ്യോഗിക വിപണനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് ഓണത്തിനു 3,000 ചെറുകിടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഇതില്‍ കൃഷിഭവനുകള്‍ പ്രാദേശികതലത്തില്‍ ഒരുക്കുന്ന 980 ഓണസമൃദ്ധി ചന്തകളും ഉണ്ടാവും. ഇവിടെ പച്ചക്കറികള്‍ക്കു 30% സബ്സിഡി ലഭിക്കും.ഹോര്‍ട്ടികോര്‍പ്പിന്‍റെ 180 വിപണികള്‍ക്കും വി.എഫ്.പി.സി.കെയുടെ 190 വിപണികള്‍ക്കും പുറമേ കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളം ഓണസമൃദ്ധി വിപണിയിലുണ്ടാകും.
40,000 മെട്രിക് ടണ്‍ സുരക്ഷിത പച്ചക്കറികളും 60,000 മെട്രിക് ടണ്‍ സുരക്ഷിത പഴവര്‍ഗങ്ങളും ഓണവിപണിയിലൂടെ ലഭ്യമാക്കും. കേരളത്തില്‍തന്നെ ഉത്പാദിപ്പിക്കുന്ന 18 തരം പച്ചക്കറികള്‍ വില്‍ക്കും. വട്ടവട, കാന്തല്ലൂര്‍ വിഭവങ്ങളുടെ പവലിയനുമുണ്ടാകും. തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറികള്‍ ഘട്ടംഘട്ടമായി കുറയ്ക്കും.
ഓണവിപണികളില്‍ നാടനും തമിഴ്നാടനും വെവ്വേറെ വില്‍ക്കും. അടുത്തവര്‍ഷം മുതല്‍ പൂര്‍ണമായും നാടന്‍ പച്ചക്കറികള്‍ വിപണിയിലെത്തിക്കും. നാടന്‍ പച്ചക്കറികള്‍ക്കു സ്ഥിരംവിപണിയും പരിഗണനയിലുണ്ട്. അതിന്‍റെ ഭാഗമായി 15 അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കും.

NO COMMENTS

LEAVE A REPLY