തമിഴ്‍നാട് കര്‍ഷകര്‍ ദില്ലിയില്‍ വീണ്ടും സമരം തുടങ്ങുന്നു

188

തമിഴ്‍നാട്ടില്‍ വരള്‍ച്ചയെത്തുടര്‍ന്ന് ദുരിതമനുഭവിയ്‌ക്കുന്ന കര്‍ഷകരുടെ സംഘടനകള്‍ ദില്ലിയില്‍ വീണ്ടും സമരം തുടങ്ങുന്നു. നഷ്‌ടപരിഹാരമുള്‍പ്പടെ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിയ്‌ക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 21 ന് ദില്ലി ജന്തര്‍മന്തറില്‍ കര്‍ഷകത്തൊഴിലാളികളുടെ പ്രകടനം നടത്തി നിരാഹാരസമരം തുടങ്ങുമെന്ന് കര്‍ഷകനേതാവ് അയ്യാക്കണ്ണ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആത്മഹത്യ ചെയ്‍ത കര്‍ഷകരുടെ തലയോട്ടികളുമായി നിരാഹാരമിരുന്നും, എലികളെ തിന്നും, തലസ്ഥാനത്തെ തെരുവുകളില്‍ നഗ്നരായി കിടന്നുരുണ്ടും 41 ദിവസമാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ സമരം ചെയ്‍തത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സമരത്തോട് പാടേ മുഖം തിരിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. ഒടുവില്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെത്തി, ആത്മഹത്യ ചെയ്‍ത കര്‍ഷകര്‍ക്കും വിള നശിച്ചവര്‍ക്കും നഷ്‌ടപരിഹാരം ഉറപ്പുനല്‍കിയപ്പോഴാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകസംഘടനകള്‍ തീരുമാനിച്ചത്. മാസമൊന്ന് തികയുന്നു. ഇതുവരെ തുച്ഛമായ നഷ്‌ടപരിഹാരത്തുക പോലും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കര്‍ഷകനേതാവ് അയ്യാക്കണ്ണ് പറയുന്നു. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ച ശേഷം കര്‍ഷകസംഘടനാപ്രതിനിധികള്‍ ചെന്നൈയിലെത്തിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. വാഗ്ദാനലംഘനം നടത്തിയ സംസ്ഥാനസര്‍ക്കാരിനെതിരെയും കര്‍ഷകര്‍ രോഷം മറച്ചുവെയ്‍ക്കുന്നില്ല. കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളി, നഷ്‌ടപരിഹാരം ഉറപ്പാക്കാനുള്ള നടപടി സ്വീകരിയ്‌ക്കും വരെ അനിശ്ചിതകാലസമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് തമിഴ്‍നാട്ടിലെ കര്‍ഷകസംഘടനകള്‍.

NO COMMENTS

LEAVE A REPLY