കർഷകപ്രക്ഷോഭം – ഡൽഹിയിലെ അതിർത്തികൾ സ്തംഭിപ്പിച്ച് കർഷകർ

24

ന്യൂഡല്‍ഹി : ഒരാഴ്ചയിലേറെയായി തുടരുന്ന കാർഷിക പ്രക്ഷോഭം പരിഹരിക്കാൻ കേന്ദ്രസർക്കാരും കർഷകനേതാക്കളും വ്യാഴാഴ്ച നടത്തിയ ചർച്ച പരിഹാരമായില്ല .സമരം കൂടുതൽ ശക്തമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് വിജ്ഞാൻഭവനിൽ തുടങ്ങിയ ചർച്ച ഏഴുമണിക്കൂർ നീണ്ടു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ് എന്നിവരും സംയുക്ത കിസാൻമോർച്ചയിലെ 40 കർഷകനേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

കേന്ദ്രത്തിന് ‘ഈഗോ’യില്ലെന്നും സമരക്കാർ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി അഭ്യർഥിച്ചു. അതേസമയം, നിലവിലെ പ്രക്ഷോഭം തുടരുമെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചർച്ചനടത്താൻ ഇരുകൂട്ടരും സമ്മതിച്ചു.

നിയമങ്ങളിലെ ഓരോ വ്യവസ്ഥയിലും കർഷകനേതാക്കൾ പ്രത്യേകമായ എതിർപ്പുകൾ ചർച്ചയിൽ ഉന്നയിച്ചു. ഓരോന്നും വിശദമായി കേട്ട കേന്ദ്രമന്ത്രി ആവശ്യങ്ങൾ പരിഗണിക്കാൻ ശനിയാഴ്ച ഉച്ചയ്ക്ക്‌ രണ്ടുവരെ സമയംനൽകണമെന്ന് അഭ്യർഥിച്ചു.

NO COMMENTS