കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ നാട്ടിലേക്ക് പോകില്ലെന്ന് കര്‍ഷകര്‍

15

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുമ്പ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ നാട്ടിലേക്ക് പോകില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം തുടരുമെന്നും ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അറിയിച്ചു. സമരം അന്‍പത്തിയഞ്ചാം ദിവസം പിന്നിട്ടു

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്നാലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും അന്‍പത് വയസിന് മുകളിലുള്ളവരാണ്. അതിനാല്‍ത്തന്നെ കര്‍ഷകരുടെ നിലപാട് സര്‍ക്കാരിന് വെല്ലുവിളിയായേക്കും.ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട ്പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. റാലി സമാധാനപരമായിരിക്കുമെന്നും, ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

കൊവിഡ് മരണനിരക്ക് സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ് ചില കര്‍ഷകരുടെ പ്രതികരണം. പ്രതിഷേധം തുടങ്ങിയ ദിനം മുതല്‍ ശാരീരിക അകലം പാലിക്കുന്നത് അസാധ്യമായിരുന്നെന്നും എന്നാല്‍ 1,00,200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും ഇതുവരെ വൈറസ് ബാധിച്ചിട്ടില്ലെന്നും കര്‍ഷകനായ ബല്‍പ്രീത് സിങ് പറഞ്ഞു. രോഗത്തെക്കാള്‍ മാരകമാണ് ഭയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS