കൊച്ചി: കര്‍ഷകരുടെ ആത്മഹത്യ നമ്മെ അലോസരപ്പെടുത്തുന്നില്ല. ഇനിയും അലോസരപ്പെടുത്തുകയുമില്ല. കാരണം വഞ്ചനാത്മകമായ ജീവിതം നയിക്കാന്‍ പരിശീലനം നേടിയ ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നു. കര്‍ഷക മാര്‍ച്ചിലെ വിണ്ടുകീറിയ കാലുകള്‍ നമ്മള്‍ കാണുന്നില്ല.ശബരിമലയുടെ പേരിലുണ്ടാക്കിയ പ്രക്ഷോഭത്തിന്റെ പതിനായിരത്തിലൊന്നു പോലും ആത്മഹത്യ ചെയ‌്ത മൂന്നര ലക്ഷം കര്‍ഷകരുടെ ജീവന്റെ പേരില്‍ ഉണ്ടായില്ലെന്ന‌് ഡോ. സുനില്‍ പി ഇളയിടം പറഞ്ഞു. അത്രമാത്രം കാപട്യം നിറഞ്ഞ ഭക്തിയിലാണ‌് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എളമക്കര നളന്ദ സാംസ‌്കാരിക വേദിയുടെ വാര്‍ഷിക സമ്മേളനത്തിന്റെ സാംസ‌്കാരിക സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുനില്‍ പി ഇളയിടം.
കര്‍ഷകരുടെ ആത്മഹത്യ നമ്മെ അലോസരപ്പെടുത്തുന്നില്ല. ഇനിയും അലോസരപ്പെടുത്തുകയുമില്ല. കാരണം വഞ്ചനാത്മകമായ ജീവിതം നയിക്കാന്‍ പരിശീലനം നേടിയ ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നു. കര്‍ഷക മാര്‍ച്ചിലെ വിണ്ടുകീറിയ കാലുകള്‍ നമ്മള്‍ കാണുന്നില്ല. ദരിദ്രന്റെ കണ്ണുനീര്‍ തുടയ‌്ക്കാനാണ‌് രാജ്യം പ്രഥമ പരിഗണന നല്‍കേണ്ടതെന്ന ഗാന്ധിജിയുടെ വാക്കുകള്‍ മറന്നുപോകുന്നു. പ്രളയകാലത്താണ‌് നാം സാഹോദര്യമെന്ന വാക്കിന്റെ അര്‍ഥം പൂര്‍ണമാക്കിയത‌്. അന്ന‌് തെരുവുകളില്‍ വന്നലച്ചത‌് ഏതെങ്കിലും ജാതി കോമരങ്ങളുടെയൊ മത വര്‍ഗീയവാദികളുടെയോ ദൈവങ്ങളുടെയോ വിളികളല്ല. പ്രളയത്തില്‍ മുങ്ങിയ വീടുകളില്‍നിന്ന‌് ആളുകളെ രക്ഷിക്കാന്‍ വള്ളങ്ങളുമായി കടപ്പുറത്തുനിന്ന‌് മനുഷ്യര്‍ എത്തിയത‌് ഒരു മതാധികാരത്തിന്റെയോ ആചാരത്തിന്റെയോ പേരിലല്ല. ആ സാഹോദര്യത്തേക്കാള്‍ മഹനീയമായ ദൈവാനുഭവം ഒരാചാരത്തിലുമില്ല.
തെരുവില്‍ കണ്ട ആചാര സംരക്ഷണത്തില്‍ തിരെയില്ല.യാഥാസ്ഥിതികത്വത്തിന്റെ നെടുങ്കോട്ടയിലേക്ക‌് മടങ്ങാന്‍ കേരളം കുട്ടാക്കില്ല. ബ്രാഹ‌്മണാധിപത്യത്തിനും പൗരോഹിത്യത്തിനുമെതിരെ കേരളം നിവര്‍ന്നുനിന്നു. ശരണമന്ത്രം ബുദ്ധനുമായി ബന്ധപ്പെട്ടതാണ‌്. ഭക്തിപ്രസ്ഥാനത്തിന്റെ സംഭാവനയായ നാമജപം ഇന്ന‌് അട്ടഹാസവും ഭീഷണിയുമായി മാറി.സര്‍ക്കാര്‍ ധനസഹായം വേണ്ടെന്ന‌് വച്ച ആ മത്സ്യത്തൊഴിലാളിയുടെ വാക്കിലാണ‌് ദൈവം. അല്ലാതെ 52 വയസ്സായ സ‌്ത്രീയുടെ തലയെറിഞ്ഞു പൊളിക്കാന്‍ തേങ്ങയുമായി നില്‍ക്കുന്ന തെമ്മാടിയിലല്ല. ബോംബും കുറുവടികളുമായി തെരുവില്‍ അഴിഞ്ഞാടിയ തെമ്മാടിക്കൂട്ടങ്ങള്‍ക്ക‌് ഭക്തിയുമായി ബന്ധമില്ല. അത‌് രാജ്യത്തെ വെട്ടിപ്പിളര്‍ത്താന്‍ മതത്തെ ഉപയോഗിച്ച പൈശാചികതയുടെ ഇങ്ങേയറ്റത്തെ കാഴ‌്ചയാണ‌്. ഇത്തരം കാഴ‌്ചകളോട‌് മുഖംതിരിഞ്ഞുനിന്ന‌് അരുതെന്ന‌് ഉറപ്പിച്ചു പറയാന്‍ കേരളത്തിന്റെ ആത്മബലം പോയിട്ടില്ല. അതില്ലാതാക്കാന്‍ ഈ തെമ്മാടിക്കൂട്ടത്തിനാകില്ല. അവര്‍ വിചാരിച്ചാല്‍ അത‌് അവസാനിക്കയുമില്ല.
ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷക സമരങ്ങളുടെയും പാരമ്ബര്യത്തിന്റെ ഇങ്ങേ തലയ‌്ക്കലാണ‌് മത്സ്യത്തൊഴിലാളി വള്ളവുമായി എത്തിയത‌്. ഒരു നൂറ്റാണ്ടിന്റെ അനുഭവത്തിന്റെ ബലവും ആത്മാര്‍ഥതയും ആ കെട്ടുവള്ളങ്ങളുടെ പിന്നാമ്ബുറത്തുണ്ട‌്. ആ അനുഭവത്തെ നാലു നാമജപംകൊണ്ട‌് ഇല്ലാതാക്കി ഈ രാജ്യത്തെ മത വര്‍ഗീയതയുടെ പേരില്‍ വിഭജിച്ചെടുക്കാമെന്ന യുക്തിക്ക‌് കേരളം കീഴടങ്ങില്ലെന്നും ഡോ. സുനില്‍ പി ഇളയിടം പറഞ്ഞു.
ചടങ്ങില്‍ നളന്ദ പ്രസിഡന്റ‌് കെ എം ഉദയന്‍ അധ്യക്ഷനായി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ‌് നേടിയ സുരേഷ‌്കുമാറിനെ ആദരിച്ചു. നളന്ദയുടെ ഉപഹാരം സെക്രട്ടറി സംഗീത‌് നല്‍കി. അഡ്വ. എം അനില്‍കുമാര്‍, അഡ്വ. വി കെ പ്രസാദ‌്, പി എച്ച‌് ഷാഹുല്‍ഹമീദ‌്, എം കെ സുനില്‍, ആര്‍ നിഷാദ‌്ബാബു, കെ കെ രവിക്കുട്ടന്‍, ബീന മഹേഷ‌്, പ്രഭാകരമാരാര്‍, എം എന്‍ ഉണ്ണികൃഷ‌്ണന്‍, ഡി ആര്‍ രാജേഷ‌്, മോഹനചന്ദ്രന്‍, എം സി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.