ഫൈസല്‍ വധക്കേസ് പ്രതിയുടെ ഉടമസ്ഥതയിലുള്ള കാറിനും സ്കൂട്ടറിനും തീയിട്ടു

180

മലപ്പുറം• തിരൂരങ്ങാടി കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ ഉടമസ്ഥതയിലുള്ള കാറിനും സ്കൂട്ടറിനും തീയിട്ടു. കേസില്‍ പിടിയിലായ കെ. ജയപ്രകാശിന്റെ ലൈസന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്കൂളിന്റെ കാറും സ്കൂട്ടറുമാണു പുലര്‍ച്ചെ കത്തി നശിച്ചത്. തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയപ്രകാശ് കേസില്‍ റിമാന്‍ഡിലാണ്. ജയപ്രകാശിന്റെ പേരില്‍ ലൈസന്‍സുള്ള സ്ഥാപനം ഒന്നര വര്‍ഷമായി നടത്തുന്നതു മറ്റൊരാളാണ്. ചെട്ടിപ്പടിയിലെ ഡ്രൈവിങ് പഠിപ്പിക്കുന്ന മൈതാനത്തിനു സമീപത്തെ ഷെഡില്‍ നിര്‍ത്തിയിട്ടതായിരുന്നു വാഹനങ്ങള്‍. മതം മാറിയതിന്റെ വൈരാഗ്യത്തില്‍ അനില്‍ കുമാര്‍ എന്ന ഫൈസലിനെ കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. കേസില്‍ ഇതിനകം 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ നേരിട്ടു പങ്കാളികളായവരും മറ്റുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളുമാണെന്നു പൊലീസ് പറയുന്നു.

NO COMMENTS

LEAVE A REPLY