തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറുകളുടെ ക്രമീകരണം സംബന്ധിച്ച പരാതികൾ പരിഹരിച്ച് സർവീസുകൾ കൂടുതൽ കാര്യക്ഷമതയിലേക്ക്. ക്രമീകരണം ആരംഭിച്ച ആഗസ്റ്റ് നാലിനുശേഷം ഇതുസംബന്ധിച്ച ലഭിച്ച 320 ലേറെ പരാതികൾ പരിഹരിച്ചതായും കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ എം.പി ദിനേശ് അറിയിച്ചു. വസ്തുതാപരമായ പരാതികളും ക്രിയാത്മകമായ നിർദേശങ്ങളും ഫോൺ, സോഷ്യൽമീഡിയ വഴി ലഭിച്ചാൽ അപ്പോൾത്തന്നെ ഇടപെടാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
സർവീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടൈംടേബിൾ സെല്ലും ചീഫ് ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്.
ആവശ്യമുള്ള സ്ഥലങ്ങളിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ നിർദേശപ്രകാരം കൂടുതലായി ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ സർവീസ് ഓപ്പറേഷന് നേതൃത്വം നൽകാൻ എല്ലാ ഡിപ്പോകളിലും പ്രത്യേകം ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓഫീസർമാർ അടക്കം യാത്രാക്ലേശം മനസിലാക്കി പരിഹാരമുണ്ടാക്കാൻ ഫീൽഡിലുണ്ട്. ഇപ്രകാരം തിരക്കും ആവശ്യകതയും പരിഗണിച്ചാണ് ദിനംപ്രതി സർവീസുകൾ കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുന്നത്.
നാഷണൽ ഹൈവേയിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും എംസി റോഡിൽ തിരുവനന്തപുരം മുതൽ കോട്ടയം വരെയുമാണ് ആദ്യഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ക്രോണോളജി പ്രകാരം ക്രമീകരിച്ചത്. കോൺവോയ് ആയി സർവീസ് നടത്തുന്ന കളക്ഷൻ കുറഞ്ഞ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കാര്യക്ഷമമായും ജനോപകാരപ്രദമായും പുനഃക്രമീകരിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇടറൂട്ടുകളിൽ കൂടി ഓടുന്ന സർവീസുകൾ നിർത്തലാക്കിയിട്ടില്ല. എന്നാൽ ക്രോണോളജി ക്രമപ്പെടുത്തുന്നതിന് ചില ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ മറ്റുചില ഡിപ്പോകളുടെ ഷെഡ്യൂളുകളിൽ ഉൾപ്പെടുത്തി ഓപ്പറേറ്റ് ചെയ്യും. അതുകൊണ്ടുതന്നെ ബൈറൂട്ട് ട്രിപ്പുകൾ നഷ്ടപ്പെടില്ല. ട്രെയിൻ ഗതാഗതം ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നും ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ ഒഴിവാക്കിയിട്ടില്ല. യാത്രക്കാരുടെ ആവശ്യകത ഉയർന്ന നേരത്തെ റദ്ദാക്കിയ സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്ന് എറണാകുളം അമൃത റൂട്ടിലെ ആശുപത്രി സർവീസുകളും റദ്ദാക്കിയിട്ടില്ല.
രാവിലെ അഞ്ചുമണി മുതൽ രാത്രി ഒൻപതു വരെയുള്ള സമയത്ത് 10 മിനിട്ട് ഇടവേളകളിൽ ഓരോ ഫാസ്റ്റ് പാസഞ്ചർ ബസ് തിരുവനന്തപുരം – കൊല്ലം, കൊല്ലം -ആലപ്പുഴ, ആലപ്പുഴ -എറണാകുളം, തിരുവനന്തപുരം -കൊട്ടാരക്കര, കൊട്ടാരക്കര -കോട്ടയം റൂട്ടിൽ ഇരുഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്.
കൂടാതെ തിരുവനന്തപുരം -കായംകുളം, കായംകുളം -എറണാകുളം, തിരുവനന്തപുരം -കോട്ടയം റൂട്ടുകളിൽ ഓരോ അര മണിക്കൂറിൽ ഒരു ബസ് എന്ന രീതിയിലും രണ്ടു ഭാഗത്തേക്കും ലഭിക്കത്തക്കവിധം ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ രാവിലെ ആറു മണി മുതൽ വൈകുന്നേരം ഏഴുമണിവരെ ചെയിൻ സർവീസ് ആയി ഉണ്ടായിരിക്കും.
തിരക്ക് കൂടുതലുള്ള സമയങ്ങളിൽ, പ്രത്യേകിച്ച്, രാവിലെ ഏഴു മണി മുതൽ 10 മണി വരെയും വൈകുന്നേരം മൂന്നര മണി മുതൽ ഏഴു വരെയുള്ള സമയത്ത് അഞ്ചു മിനിട്ട് ഇടവേളകളിൽ ഓരോ ഫാസ്റ്റ് പാസഞ്ചർ ബസ് തിരുവനന്തപുരം -കൊല്ലം, കൊല്ലം -ആലപ്പുഴ, ആലപ്പുഴ -എറണാകുളം, തിരുവനന്തപുരം -കൊട്ടാരക്കര, കൊട്ടാരക്കര -കോട്ടയം റൂട്ടുകളിൽ ഇരുഭാഗത്തേക്കും ലഭ്യമാകും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം -കൊല്ലം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ -എറണാകുളം, തിരുവനന്തപുരം -കായംകുളം, കായംകുളം -എറണാകുളം, തിരുവനന്തപുരം -കൊട്ടാരക്കര, കൊട്ടാരക്കര -കോട്ടയം എന്നീ റൂട്ടുകളിൽ ഇരുഭാഗങ്ങളിലേയ്ക്കും ആയിട്ടാണ് ചെയിൻ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.
നിലവിൽ 15 മിനിട്ട് ഇടവേളകളിൽ ക്രമീകരിച്ചിരിക്കുന്ന സൂപ്പർഫാസ്റ്റ് സർവീസുകൾക്കൊപ്പം എൻ.എച്ച്, എം.സി റോഡുകളിലൂടെ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ ക്രമീകരിക്കുന്നത് ബസ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനും, യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും സഹായിക്കും.
ആദ്യഘട്ട ക്രമീകരണങ്ങൾക്ക് ശേഷം, എറണാകുളം-കോഴിക്കോട് റൂട്ടിലും ക്രമീകരണം വരും. ഇതുപ്രകാരം, എറണാകുളം-പാലക്കാട് റൂട്ടിലും പാലക്കാട്-കോഴിക്കോട് റൂട്ടിലും ഫാസ്റ്റ് പാസഞ്ചറുകൾ ക്രമീകരിക്കും.
സർവീസുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും നിർദേശങ്ങൾക്കും നവമാധ്യമങ്ങളിലൂടെയും ഫോൺ മുഖേനയും ബന്ധപ്പെടാനും അവസരമുണ്ട്. (വാട്‌സാപ്പ് നമ്പർ – 8129562972, മൊബൈൽ & എസ്.എം.എസ് 7025041205, ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation).
സൂപ്പർ ഫാസ്റ്റ് സർവീസുകൾ ക്രമീകരണം നടത്തിയപ്പോഴുള്ള പരാതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിഹരിക്കാൻ കഴിഞ്ഞിരുന്നു. വാട്‌സ് ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും ലഭിക്കുന്ന എല്ലാ പരാതികളും പരിഗണിച്ച് പരിഹാരം കാണുന്നുണ്ട്.
ക്രമീകരണത്തെ സംബന്ധിച്ച് യാത്രക്കാരിൽ നിന്നുയരുന്ന ക്രിയാത്മക നിർദ്ദേശങ്ങൾ കെ.എസ്.ആർ.ടി.സി. അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.