റമദാനിലെ നോമ്പ് മനുഷ്യരെ ശുദ്ധീകരിക്കുന്നു – നോമ്പും നിയമവും .

539

തിരുവനന്തപുരം :റമദാനിലെ നമ്മുടെ ഓരോ മണിൽക്കൂറുകളെയും – നമ്മുടെ നമസ്ക്കാരങ്ങൾ കഴുകി ശുദ്ധിയാക്കുന്നു. നമ്മുടെ ഓരോ ദിവസങ്ങളെയും ആഴ്ചയെ നമ്മുടെ ജുമാ കഴുകി വൃത്തിയാക്കുന്നു . നമ്മുടെ ഒരു വർഷത്തെ മുഴുവനും നോമ്പ് കഴുകി ശുദ്ധമാക്കുന്നു .ഒരു ആയുഷ്‌ക്കാലത്തെ മുഴുവനും ഹജ്ജ് കഴുകി ശുദ്ധമാക്കുന്നു.. സമ്പത്തിൽ വന്ന പോരായ്മാകളെയും പാളിച്ചകളെയും പതർച്ചകളെയും പാപങ്ങളെയും സക്കാത്ത് കഴുകി വൃത്തിയാക്കുന്നു. ഇങ്ങനെ നമ്മുടെ പോരായ്മാകളെയെല്ലാം കഴുകി വൃത്തിയാക്കുവാൻ നമുക്ക് തന്നെ അവസരം നൽകുന്ന സഹായിക്കുന്ന സ്നേഹ നിധിയായ ഒരു രക്ഷിതാവാണ് അള്ളാഹു .

അങ്ങനെ അല്ലാഹുവിനെ ഉൾക്കൊള്ളുക എന്നതാണ് ഇബാദത്തുകൾ നൽകുന്ന ഏറ്റവും പ്രധാനമായ സന്ദേശം .ആ രക്ഷിതാവുമായുള്ള അടുപ്പം ആ രക്ഷിതാവിലേക്കുള്ള തിരിച്ചുപോക്ക് ആ രക്ഷിതാവിന്റെ മാർഗത്തിൽ നിന്ന് തെന്നി അകന്നുപോയ മനുഷ്യർ അവനിലേക്ക്‌ തന്നെ തിരിച്ചു വരുന്ന പ്രക്രിയയുടെ പേരാണ് – റമദാൻ.

ദീർഘ നേരം യാത്ര ചെയ്‌താൽ മനസ് വല്ലാതെ ക്ഷീണിച്ചുപോകും – മുഖം വല്ലാതെ വാടിപോകും – കണ്ണ് വല്ലാതെ തളർന്നുപോകും – ശരീരത്തിലേക്ക് മുഖത്തേക്ക് കുറെ പൊടി പടലങ്ങൾ വന്നിട്ടുണ്ടാകും. പല ചെളികളും തെറിച്ചിട്ടുണ്ടാകും. ഒടുവിൽ എവിടെയാണ് യാത്ര അവസാനിക്കുന്നത് അവിടെ ചെന്നതിനു ശേഷം ഒന്ന് കുളിച്ചു കഴിഞ്ഞാൽ മുഖം തണുത്ത വെള്ളത്തിൽ ഒന്ന് കഴുകിക്കളഞ്ഞാൽ മനസിനും ശരീരത്തിനും കിട്ടുന്ന പുതിയ ഉന്മേഷവും ആവേശവും ഊർജ്ജവുമുണ്ട്. ആ ഊർജത്തിലേക്കാണ് ആ ഉന്മേഷത്തിലേക്കാണ് സത്യവിശ്വാസികൾ നോമ്പ് കാലത്തിലേക്ക് വരുന്നത്.

റമദാനിന്റെ പിറവി ദൃശ്യമാകുന്നതോടെ നോമ്പ് നിര്‍ബന്ധമാകുന്നു. മാസം കണ്ടതായി വിവരം ലഭിക്കാത്തതുകൊണ്ട് മറ്റുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. അതേയവസരം തൊട്ട് മുമ്പത്തെ മാസമായ ശഅബാന്‍ മുപ്പത് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ മാസപ്പിറവി കാത്തിരിക്കേണ്ടതില്ല. നോമ്പ് നിര്‍ബന്ധമാണ്. ഇസ്‌ലാമിക കലണ്ടറിൽ മാസം മുപ്പതോ ഇരുമ്പത്തിയൊമ്പതോ ആയിരിക്കും. അതുകൊണ്ട് മാസം പൂര്‍ത്തിയായാല്‍ പിന്നെ അറിയിപ്പ് കാത്തിരിക്കേണ്ടതില്ല.

ഒരിടത്ത് മാസം കണ്ടാല്‍ 128 കിലോമീറ്റര്‍ ദൂരത്തുള്ളവര്‍ക്കൊക്കെ അതംഗീകരിക്കാന്‍ ബാധ്യതയുണ്ട്. ഇത്രയും ദൂരത്തിനിടക്ക് മാസപ്പിറവി ഉറപ്പിക്കുകയോ തനിക്ക് വിശ്വസ്തനായ വ്യക്തി മാസപിറവി കണ്ടതായി ഉറപ്പ് കിട്ടുകയോ ചെയ്താല്‍ നോമ്പനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാണ്. മാസപ്പിറവി കാണുക തന്നെയാണ് ഇസ്‌ലാമിക നിയമം.

ഗണിത ശാസ്ത്രത്തിന്റെയോ ഗോളശാസ്ത്രത്തിന്റെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയോ മാസം ഉറപ്പിക്കേണ്ടതില്ല. ഹെലികോപ്റ്ററുകളും ദൂരദര്‍ശിനികളും ഉപയോഗിച്ച് ചക്രവാളങ്ങളില്‍ നിരീക്ഷണം നടത്തി മാസപ്പിറവി നോക്കാനും ഇസ്‌ലാം നിര്‍ദേശിച്ചിട്ടില്ല.

ഡല്‍ഹിയിലോ ദുബൈയിലോ മക്കത്തോ മാസം കണ്ടതിന്റെ പേരില്‍ കേരളത്തിലുള്ളവർ നോമ്പനുഷ്ഠിക്കേണ്ടതില്ല. തങ്ങളുടെ പരിധിയില്‍ കാണുമ്പോഴേ നോമ്പ് നിര്‍ബന്ധമാകുകയുള്ളൂ. മാസം കണ്ടതായി ബോധ്യപ്പെട്ട വ്യക്തി അടുത്ത ദിവസം നോമ്പനുഷ്ഠിക്കണം.

രാത്രി സമയത്ത് നോമ്പിന് നിയ്യത്ത് ചെയ്യണം. ഓരോ ദിവസവും രാത്രി അടുത്ത ദിവസത്തെ നോമ്പിന് പ്രത്യേകം മനസിൽ കരുതണം. ‘ഈ വര്‍ഷത്തെ റമസാന്‍ മാസത്തിലെ നാളത്തെ നോമ്പ് അല്ലാഹുവിനു വേണ്ടി ഞാന്‍ നോറ്റ് വീട്ടാന്‍ കരുതി’ എന്നാണ് മനസ്സിൽ കരുതേണ്ടത്. ഇത് രാത്രി സമയത്ത് മനസ്സില്‍ കരുതുകയാണ് വേണ്ടത്.

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗിക വേഴ്ചയുമെല്ലാം ഉപേക്ഷിക്കുക നിര്‍ബന്ധമാണ്. അങ്ങനെ ചെയ്‌താൽ നോമ്പ് നഷ്ടപ്പെടുന്നതാണ്. മറവി കാരണം വല്ലതും കഴിച്ചു പോയാല്‍ നോമ്പിന് കുഴപ്പ മുണ്ടാവുന്നില്ല. പശ്ചാത്താപത്തോടെ നോമ്പ് തുടർന്നാൽ മതിയാകും.നോമ്പ് നഷ്ടപ്പെടുത്തിയവര്‍ക്ക് നാല് വിധം പ്രതിവിധിയാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്.

1 ഖളാഅ്, 2 കഫ്ഫാറത്ത്, 3 ഫിദ്‌യ, 4 ഇംസാക്. സാധാരണ ഗതിയില്‍ രോഗം കാരണമോ അശ്രദ്ധ മൂലമോ മറ്റോ നോമ്പ് നഷ്ടപ്പെട്ടാല്‍ അടുത്ത റമസാനിന് മുമ്പായി അത്രയും ദിവസത്തെ നോമ്പ് ഖളാഅ് വീട്ടണം. മറ്റു പ്രായശ്ചിത്തങ്ങളൊന്നും ഇവക്ക് ബാധകമല്ല. അതേയവസരം ലൈംഗിക ബന്ധം മൂലം നോമ്പ് നഷ്ട്‌പ്പെടുത്തിയവന്‍ പ്രായശ്ചിത്തമായി 60 ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. നോമ്പ് മുറിയുന്ന മറ്റു കാര്യങ്ങള്‍ ചെയ്തുകൊണ്ട് നോമ്പ് ഉപേക്ഷിച്ചാല്‍ ആ പകല്‍ സമയം കഴിയുന്നത് വരെ നോമ്പുകാരനെപ്പോലെ കഴിഞ്ഞുകൂടണം. ‘ഏതായാലും നോമ്പ് നഷ്ടപ്പെട്ടല്ലോ ഇനി ഭക്ഷണം കഴിക്കാം’ എന്ന് കരുതരുത്. ബാക്കി സമയങ്ങളില്‍ നോമ്പുകാരനെപ്പോലെ കഴിയുകയും നഷ്ടപ്പെട്ട് നോമ്പ് ഖളാഅ് വീട്ടുകയും വേണം. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും തങ്ങളുടെ കുട്ടികളുടെ ഗുണം പരിഗണിച്ച് നോമ്പ് ഉപേക്ഷിക്കുകയാണെങ്കില്‍ നോമ്പിന് കുഴപ്പമുണ്ടാകുന്നില്ല. അവര്‍ പിന്നീട് നോമ്പ് വീട്ടുകയും ഒരു നോമ്പിന് ഒരു മുദ്ദ് (മൂന്ന് നാഴി) വീതം ധാന്യം ദാനം നല്‍കുകയും വേണം.

അത്താഴം പരമാവധി താമസിപ്പിച്ച് കഴിക്കുക, നോമ്പ് തുറ അസ്തമയ സമയത്ത് തന്നെ നിര്‍വഹിക്കുക, കാരക്ക കൊണ്ടോ വെള്ളം കൊണ്ടോ തുറക്കുക, നോമ്പുകാരന്‍ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യാതിരിക്കുക, റമസാനില്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ പഠനം എന്നിവ വര്‍ധിപ്പിക്കുക, ഇഅ്തികാഫ് നിര്‍വഹിക്കുക (പള്ളിയില്‍ കഴിയുക), തറാവീഹ് നിസ്‌കരിക്കുക, നോമ്പുകാരെ നോമ്പ് തുറപ്പിക്കുക തുടങ്ങിയവ റമസാനില്‍ നിര്‍വഹിക്കൽ പ്രതിഫലമുള്ളവയാണ്.സ്ത്രീകള്‍ക്ക് അവരുടെ നോമ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍ –

സ്ത്രീകളുടെ പ്രകൃതിപരമായ ദുര്‍ബലതകളെ പരിഗണിക്കുകയും – അവർക്ക് അനേകം ഇളവുകള്‍ ‘ അള്ളാഹു ‘ നിശ്ചയിച്ചു നൽകിയിട്ടുണ്ട് . സ്ത്രീകൾക്ക് പ്രധാനമായും ജീവിതത്തില്‍ അഞ്ച് അവസ്ഥകളാണുള്ളത. ഹയ്ദ്വ് – നിഫാസ് – ഇസ്തിഹാദ -ഗര്‍ഭാവസ്ഥ – മുലയൂട്ടുന്ന വേള. ഈ സന്ദര്‍ഭങ്ങളില്‍ അവളെ ബാധിക്കുന്ന വിഷയങ്ങളില്‍ കൃത്യമായ നിയമങ്ങളും നിര്‍ദേശങ്ങളും ഉണ്ട്. നോമ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍.

ഹയ്ദ്വും നിഫാസും

ഹയ്ദ്വ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആര്‍ത്തവമാണ്. മാസമുറ, മെന്‍സസ് എന്നിങ്ങനെയും പറയാറുണ്ട്. ഓരോ മാസവും പൊതുവേ ഏഴു മുതല്‍ പതിനഞ്ച് ദിവസങ്ങള്‍ വരെ ഇത് കാണപ്പെടാം. ചിലപ്പോള്‍ അതില്‍ കൂടുകയോ കുറയുകയോ ചെയ്തേക്കാം.നിഫാസ് എന്നാല്‍ പ്രസവശേഷം കാണപ്പെടുന്ന രക്തമാണ്. പൊതുവേ നാല്‍പ്പത് മുതല്‍ അറുപത് ദിവസങ്ങള്‍ വരെ ഇത് കാണപ്പെടാം.

ഹയ്ദ്വിന്റെയും നിഫാസിന്റെയും വിധി ഒന്നു തന്നെയാണ്. ഇസ്ലാമിക നിയമങ്ങള്‍ രണ്ടു വേളകളിലും ഒന്ന് തന്നെ. ഈ രണ്ടു സന്ദര്‍ഭങ്ങളിലും നിസ്കാരം, നോമ്പ് പോലുള്ള ചില ഇബാദതുകളും മറ്റു ചില വിധികളിലും സ്തീകള്‍ക്ക് ഇളവുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്.ഹയ്ദ്വും നിഫാസും ആരംഭിച്ചാല്‍ അതോടെ സ്ത്രീകളുടെ നോമ്പ് മുറിഞ്ഞു.

കുറച്ചു കൂടി വ്യക്തമാകുന്നതിന്‌ വേണ്ടി നോമ്പു കാലത്തേ ഹയ്ദ്വിന്റെ അവസ്ഥകളെ നമുക്ക് മൂന്നായി തിരിക്കാം.

ഒന്ന്: രാവിലെ ശുദ്ധിയിലായിരുന്നു. അതിനാല്‍ നോമ്പ് എടുത്തു. പക്ഷേ മഗ്രിബിന് തൊട്ടു മുന്‍പോ അതിനെക്കാള്‍ നേരത്തെയോ ഹയ്ദ്വ് ആരംഭിച്ചു. ഇതോടെ അവരുടെ നോമ്പ് മുറിഞ്ഞു. പിന്നീട് ഈ ദിവസത്തെ നോമ്പ് മറ്റൊരിക്കല്‍ നോറ്റു വീട്ടേണ്ടതാണ്.

രണ്ട്: സുബഹ് ബാങ്കിന് തൊട്ടുടനെയോ അതിന് ശേഷം കുറച്ചു കഴിഞ്ഞോ ഹയ്ദ്വില്‍ നിന്ന് ശുദ്ധിയായി. ഈ അവസ്ഥയിലും നോമ്പ് നോല്‍ക്കാന്‍ കഴിയില്ല. മഗ്രിബ് വരെ അവര്‍ നോമ്പുകാരെ പോലെ കഴിച്ചു കൂട്ടണമെങ്കിലും അത് നോമ്പായി പരിഗണിക്കപ്പെടുകയില്ല. പിന്നീട് ഈ ദിവസം നോറ്റു വീട്ടേണ്ടതാണ്.

മൂന്ന്: സുബഹ് ബാങ്ക് കൊടുക്കുന്നതിന് തൊട്ടു മുന്‍പ് ശുദ്ധിയായി. ഈ സന്ദര്‍ഭത്തില്‍ നോമ്പിന് നിയ്യത് വെച്ചുവെങ്കില്‍ അവള്‍ക്ക് നോമ്പ് എടുക്കാവുന്നതാണ്. സുബഹ് ബാങ്ക് തീരുന്നതിന് മുന്‍പ് കുളിച്ചു കയറണമെന്ന നിബന്ധനയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതിനാല്‍ സുബഹ് ബാങ്കിന് ശേഷം കുളിച്ചാലും അവളുടെ നോമ്പ് നഷ്ടപ്പെടുകയില്ല.എന്നാല്‍ സുബഹ് ബാങ്കിന് മുന്‍പ് നോമ്പ് നോല്‍ക്കാന്‍ നിയ്യത് വെച്ചില്ലെങ്കില്‍ അന്നേ ദിവസം നോമ്പ് നോല്‍ക്കാന്‍ പറ്റില്ല. അതിനാല്‍ ഈ ദിവസത്തെ നോമ്പ് പിന്നീട് കടം വീട്ടണം.

ഇസ്തിഹാദ്വ

ഹയ്ദ്വിന്റെയോ നിഫാസിന്റെയോ രക്തമല്ലാത്ത, സ്ത്രീകള്‍ക്കുണ്ടാക്കുന്ന രക്തവാര്‍ച്ചയാണ് ഇസ്തിഹാദ്വത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചില സ്ത്രീകള്‍ക്ക് ഹയ്ദ്വിന്റെ സമയം അവസാനിച്ചാലും രക്തം വരുന്നത് നില്‍ക്കണമെന്നില്ല. പലപ്പോഴും ഇത് ഇസ്തിഹാദ്വതിന്റെ രക്തമാകാറുണ്ട്. ചിലപ്പോള്‍ ഹയ്ദ്വ് കുറച്ച് നീണ്ടു പോയതുമായേകാം.

ഹയ്ദ്വും ഇസ്തിഹാദ്വതും വേര്‍തിരിച്ചറിയാന്‍ മൂന്ന് അടയാളങ്ങളുണ്ട്.

ഒന്ന്: ഹയ്ദ്വിന്റെ രക്തം മോശം മണം ഉള്ളതായിരിക്കും. സ്ത്രീകള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ഇസ്തിഹാദ്വതിന്റെ രക്തത്തിന് പ്രത്യേകിച്ച് മോശം മണം ഉണ്ടാകില്ല.

രണ്ട്: ഹയ്ദ്വിന്റെ രക്തം കട്ടിയുള്ളതായിരിക്കും. ഇസ്തിഹാദ്വതിന്റെ രക്തം കട്ടി കുറവും, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ പുറത്തു വരുന്ന രക്തത്തോട് സാദൃശ്യമുള്ളതുമായിരിക്കും.

മൂന്ന്: ഹയ്ദ്വിന്റെ രക്തം ഏറെക്കുറെ കറുപ്പ് നിറത്തോട് അടുത്തു നില്‍ക്കുന്നതായിരിക്കും. എന്നാല്‍ ഇസ്തിഹാദ്വതിന്റെ രക്തം ചുവപ്പ് നിറത്തോട് അടുത്ത് നില്‍ക്കുന്നത് തന്നെയായിരിക്കും.

ഇസ്തിഹാദ്വതിന്റെ സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ ഹയ്ദ്വിന്റെയും നിഫാസിന്റെയും നിയമങ്ങള്‍ പാലിക്കേണ്ടതില്ല. മറിച്ച്, അവള്‍ക്ക് നിസ്കരിക്കുകയും, നോമ്പെടുക്കുകയും, ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമൊക്കെ ചെയ്യാം.

എന്നാല്‍ നിസ്കരിക്കുന്ന വേളയില്‍ ഓരോ നിസ്കാരത്തിന് മുന്‍പും രക്തം വരുന്ന ഭാഗം വൃത്തിയാക്കുകയും, വസ്ത്രത്തില്‍ രക്തം പുരണ്ടിട്ടുണ്ടെങ്കില്‍ അത് കഴുകിക്കളയുകയും, ശേഷം വുദുവെടുക്കുകയും ചെയ്യണം. തുടര്‍ച്ചയായി വുദു നഷ്ടപ്പെടുന്ന -മൂത്രവാര്‍ച്ച, ധാരാളമായി കീഴ്ശ്വാസം പോയിക്കൊണ്ടിരിക്കുക പോലുള്ള- രോഗങ്ങള്‍ ബാധിച്ചവരോടാണ് ഇവര്‍ക്ക് സാദൃശ്യമുള്ളത്.

ചുരുക്കത്തില്‍ ഇസ്തിഹാദ്വത് ബാധിച്ച സ്ത്രീകളുടെ നോമ്പില്‍ യാതൊരു സ്വാധീനവും അതിന് ഇല്ല. മറിച്ച്, സാധാരണ ദിവസങ്ങള്‍ പോലെ തന്നെയാണ് ഇസ്തിഹാദ്വതിന്റെ ദിവസങ്ങളിലും അവള്‍ നോമ്പ് അനുഷ്ഠിക്കേണ്ടത്.

ഗര്‍ഭിണികളും മുലയൂട്ടുന്നവരും

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും നോമ്പുമായി ബന്ധപ്പെട്ട് ഇളവുകളുണ്ട്. അവളുടെയും അവളുടെ കുട്ടിയുടെയും ആരോഗ്യ സംരക്ഷണത്തിനും ജീവന്‍ നിലനില്‍ക്കുന്നതിനും -ചിലപ്പോള്‍- നോമ്പ് പ്രയാസം സൃഷ്ടിച്ചേക്കാം എന്നത് കൊണ്ടാണ് അത്.

ഗര്‍ഭിണികളെയും മുലയൂട്ടുന്നവരെയും താരതമ്യം ചെയ്യാവുന്നത് രോഗികളോടാണ്. കാരണം രണ്ടു വിഭാഗവും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് നോമ്പ് ഒഴിവാക്കുന്നത്.ചുരുക്കത്തില്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും നോമ്പ് എടുക്കുന്നത് കൊണ്ട് തങ്ങളുടെയോ തങ്ങളുടെ കുട്ടികളുടെയോ ആരോഗ്യത്തിന് പ്രയാസം ഉണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ അവര്‍ക്ക് നോമ്പ് ഒഴിവാക്കാം.

മാതാവിന്റെയോ കുട്ടിയുടെയോ ആരോഗ്യത്തിനും ജീവനും വളരെ ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഭയക്കുന്നെങ്കില്‍ അവള്‍ ഒരു കാരണവശാലും നോമ്പ് എടുക്കരുത്. അങ്ങനെ നോമ്പ് എടുത്താല്‍ അത് നിഷിദ്ധമാണ്. അല്ലാഹുവിങ്കല്‍ ശിക്ഷ ലഭിക്കാനാണ് അത് കാരണമാവുക. നഷ്ടപ്പെട്ട നോമ്പുകള്‍ പിന്നീട് ഇവര്‍ നോറ്റു വീട്ടേണ്ടതുണ്ട്. നോമ്പിന്റെ കടം വീട്ടുന്നതോടൊപ്പം കഫാറതായി ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ അത് വേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. വല്ലാഹു അഅലം.

കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായിരുന്നു എന്നത് കൊണ്ട് നോമ്പെടുക്കാന്‍ കഴിഞ്ഞില്ല. പ്രസവശേഷം മുലയൂട്ടലിന്റെ കാലമായത് കൊണ്ട് നഷ്ടപ്പെട്ട നോമ്പുകള്‍ കടം വീട്ടാനും കഴിഞ്ഞില്ല. എന്തു ചെയ്യണം?
ഓരോ വര്‍ഷവും നഷ്ടപ്പെട്ട നോമ്പുകള്‍ അടുത്ത റമദാന്‍ വരുന്നതിന് മുന്‍പ് നോറ്റു വീട്ടല്‍ നിര്‍ബന്ധമാണ്‌ എന്നതാണ് അടിസ്ഥാനം. കാരണമില്ലാതെ ഒരു വര്‍ഷം മുഴുവന്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാതെ പിന്തിക്കുക എന്നത് തെറ്റാണ്. എന്നാല്‍ കാരണമില്ലാതെ നോമ്പ് കടം വീട്ടുന്നത് പിന്തിപ്പിച്ചവരാണ് എങ്കില്‍ അവര്‍ ഉടന്‍ തന്നെ തങ്ങളുടെ മേല്‍ ബാധ്യതയുള്ള നോമ്പുകള്‍ നോറ്റു വീട്ടുകയും, അകാരണമായി പിന്തിച്ചു എന്ന തെറ്റ് സംഭവിച്ചതില്‍ അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും വേണം.പരിശുദ്ധ റമദാൻ വിശുദ്ധമായ ജീവിത ശീലങ്ങളും പുതിയ വഴികളും നൽകുന്നു. ജീവിതകാലം മുഴുവൻ നിലനിർത്താനുള്ള പ്രതിജ്ഞയും ആ പ്രതിജ്ഞയെ സംബന്ധിച്ച തികഞ്ഞ ബോധ്യവുമായിരിക്കണം നോമ്പ്കാരന്റെ ഉള്ളിൽ നിറയേണ്ടത് .

നമ്മൾ നന്നാകണമെന്ന് നമ്മളെക്കാൾ ആഗ്രഹിക്കുന്ന ഒരു രക്ഷിതാവിന്റെ വിശുദ്ധിയിലേക്കുള്ള വഴികാണിക്കലാണ് യഥാർത്ഥത്തിൽ റമദാനിലെ വ്രതം. അങ്ങനെയാണ് വ്രതത്തെ സ്വീകരിക്കുന്നതെങ്കിൽ വ്രതങ്ങൾ നൽകുന്ന അർത്ഥവും സന്ദേശവും ഉൾക്കൊള്ളുവാൻ മാലോകർക്ക് ഒരു പ്രയാസമാവുകയില്ല.

ആയിഷത്ത് അഫ്സ

NO COMMENTS