തുംകുര്‍: വാഹമോടിച്ചിരുന്ന അച്ഛനു ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് എട്ടു വയസുകാരന് മകന് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മകന്റെ കണ്മുന്നില് അച്ഛന് മരിക്കുകയും ചെയ്തു. കര്‍ണാടകയില്‍ ചിക്കനായകനഹള്ളിയിലെ ഹുളിയാറിലാണു സംഭവം.
ഗുഡ്സ് കാരിയര്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു ശിവകുമാര്‍. വേനലവധിയായതിനാല്‍ കഴിഞ്ഞ ദിവസം ജോലിക്കു പോയപ്പോള്‍ എട്ടു വയസുകാരന് മകന് പുനീര്ഥിനെയും ഒപ്പംകൂട്ടി. കുറച്ചുദൂരം വാഹനമോടിച്ചു കഴിഞ്ഞപ്പോള്‍ ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടു. എന്നാല്‍ അച്ഛന് എന്താണ് സംഭവിക്കുന്നതെന്ന് കുഞ്ഞിനു മനസിലായില്ല.
പക്ഷേ, വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതു മനസിലാക്കി മകന് സ്റ്റിയറിംഗിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് റോഡില്‍നിന്നു മാറ്റി വാഹനം നിര്‍ത്തി. നാട്ടുകാര്‍ ഓടിക്കൂടുന്പോള് അലറിക്കരയുകയായിരുന്നു കുട്ടി. ഉടന്‍തന്നെ ശിവകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കൊറടാഗരേയിലെ അല്ലലസാന്ദ്ര സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് പുനീര്ഥ്.