സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പട്ടികളെ അഴിച്ചു വിട്ട് മാനേജ്മെന്റ് നേരിട്ടു

180

കൊല്ലം: കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതിനു പ്രകോപിതരായ കോളജ് മനേജ്മെന്റ് എല്ലാ വിദ്യാര്‍ത്ഥികളെയും 10 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് കോളജ് ക്യാമ്ബസില്‍ പട്ടികളെ അഴിച്ചുവിട്ടു. കല്ലുംതാഴം ഫാത്തിമ കോളജ് ഓഫ് ഫാര്‍മസിയിലാണ് വിദ്യാര്‍ത്ഥികളെ പട്ടികളെ അഴിച്ചു വിട്ട് മാനേജ്മെന്റ് നേരിട്ടത്.
കോളജില്‍ ഉച്ചയ്ക്ക് അരമണിക്കൂര്‍ മാത്രമാണ് ഇവവേള. രണ്ടു മൂത്രപ്പുരമാത്രമാണ് കോളജില്‍ ഉള്ളത്. കോളജില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മൂത്രപ്പുര സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം കോളജ് അധികൃതര്‍ കാറ്റില്‍പറത്തിയെന്നാണ് ആരോപണം. ഇതിനെതിരേയാണു വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ കോളജിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് അടഞ്ഞുകിടക്കുന്നതാണു കണ്ടത്. കോളജ് ക്യാമ്ബസിനുള്ളില്‍ മറ്റു വഴികളിലൂടെ കയറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പട്ടിയെ അഴിച്ചുവിട്ട് മാനേജ്മെന്റ് ആട്ടിപ്പായിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പലുമായി വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ടപ്പോള്‍ കോളജിലെ എല്ലാ വിദ്യാര്‍ത്ഥികളെയും 10 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തെന്ന് അറിയിക്കുകയായിരുന്നു.
മൂന്നുദിവസം മുമ്ബാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. അഡ്മിഷന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും വിദ്യാര്‍ത്ഥികളില്‍നിന്നു ലക്ഷങ്ങളാണു വാങ്ങിയതെന്നുമാണു ആരോപണം. 120 ഡി.ഫാം സീറ്റുകള്‍ക്കേ അംഗീകാരമുള്ളെങ്കിലും 147 വിദ്യാര്‍ത്ഥികള്‍ക്കാണു പ്രവേശനം നല്‍കിയത്. അംഗീകാരമില്ലെന്ന് അറിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതോടെ മാനേജ്മെന്റ് പീഡനം തുടങ്ങി. ഇതിനിടെ ഇരുപതു വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തിപ്പോയി. അധികമായി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും ഭീമമായ തുക ഫീസാക്കി ഈടാക്കിയിട്ടുണ്ട്.
എന്നാല്‍ അവരെ വിവിധ കാരണങ്ങള്‍ പറഞ്ഞു പുറത്താക്കാനുള്ള നീക്കമാണു നടക്കുന്നതെന്നാണ് ആക്ഷേപം. കോളജ് ക്യാമ്ബസിനുള്ളില്‍ വളര്‍ത്തുമൃഗങ്ങളേയും പരിപാലിച്ചിരുന്നു. കഴിഞ്ഞമാസം ഒരു വിദ്യാര്‍ത്ഥിയെ കോളജില്‍ വളര്‍ത്തുന്ന മൃഗം കടിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിദ്യാര്‍ത്ഥിയുടെ കാല്‍ മന്തുപോലെ നീരുവന്ന നിലയിലാണ്. ഡി.ഫാമിന്റെ രണ്ടു ബാച്ചുകളാണുള്ളത്. രണ്ടു ബാച്ചുകളിലുമായി ഇരുനൂറ്റമ്ബതിലധികം വിദ്യാര്‍ത്ഥികളുണ്ട്. 12 ആണ്‍കുട്ടികള്‍ മാത്രമാണ് കോളജിലുള്ളത്. ഇതാണ് കോളജ് മാനേജ്മെന്റ് തങ്ങളുടെമേല്‍ കൂടുതല്‍ പീഡനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കാരണമെന്നു വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

NO COMMENTS

LEAVE A REPLY